മനാമ : ബഹ്‌റൈനിൽ നിയമവിരുദ്ധമായി തൊഴിൽ പെർമിറ്റ് നൽകിയതിന് പ്രവാസിയെ അറസ്റ്റ് ചെയ്‍തു. നിയമ വിരുദ്ധമായി മൂന്ന് പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് സംഘടിപ്പിച്ച് നല്‍കിയതിനാണ് ഒരു പ്രവാസി പിടിയിലായതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
നിയമ വിരുദ്ധമായി തൊഴില്‍ പെര്‍മിറ്റുകള്‍ സംഘടിപ്പിച്ച് നല്‍കിയതിന് ഇയാള്‍ പണവും ഈടാക്കിയിരുന്നു. വിദേശത്തു വെച്ചാണ് പണം സ്വീകരിച്ചത്. സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടരുകയാണെന്നും അത് പൂര്‍ത്തിയായ ശേഷം പ്രതിയെ വിചാരണയ്ക്കായി ലോവര്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുമെന്നും അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ പ്രവാസിയും നിയമവിരുദ്ധമായി തൊഴില്‍ പെര്‍മിറ്റ് സംഘടിപ്പിച്ചവരും ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.