വാഹനങ്ങളിലെ അനധികൃത പരിഷ്കരണങ്ങൾ ; ദുബൈ എമിറേറ്റിൽ 13 പരിശോധന കേന്ദ്രങ്ങൾ തുടങ്ങും
വാഹനങ്ങളിൽ അനധികൃത പരിഷ്കരണങ്ങൾ കണ്ടെത്തുന്നതിനായി എമിറേറ്റിലുടനീളം 13 പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ദുബൈ പൊലീസ് അറിയിച്ചു. ശനിയാഴ്ച എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ശബ്ദമലിനീകരണത്തിന് കാരണമാകുന്ന ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ കേന്ദ്രങ്ങൾ സഹായിക്കും.
കൂടാതെ വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ റോഡ് ഉപയോക്താക്കളുടെ സുരക്ഷക്കും സൗകര്യത്തിനും കോട്ടം തട്ടുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. പ്രദേശവാസികൾക്ക് ശല്യമാകുന്ന രീതിയിൽ ശബ്ദമുണ്ടാക്കുകയും വാഹനങ്ങളിൽ അനുമതിയില്ലാതെ പരിഷ്കരണം നടത്തുകയും ചെയ്ത 23 വാഹനങ്ങൾ ദുബൈ പൊലീസ് പിടികൂടിയിരുന്നു.