ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് 3 വർഷം കൊണ്ട് തുടച്ചു നീക്കും

Update: 2023-01-12 05:55 GMT

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ സമ്പൂർണ നിരോധനം 3 വർഷത്തിനകം നടപ്പിലാക്കാനൊരുങ്ങി യുഎഇ. നിലവിൽ അബുദാബി, ദുബായ്, അജ്മാൻ എമിറേറ്റുകളിൽ പ്രാബല്യത്തിലുള്ള നിയമം 2024 ജനുവരി 1 മുതൽ യുഎഇയിൽ ഉടനീളം വ്യാപിപ്പിക്കും. പ്ലാസ്റ്റിക് പ്ലേറ്റ്, കത്തി, സ്പൂൺ, പാത്രങ്ങൾ തുടങ്ങി പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ചവയെല്ലാം നിരോധിക്കും. 2026 ജനുവരി 1 മുതൽ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഇറക്കുമതിയും നിരോധിക്കും.

ഫുഡ് പാക്കിങ്, പ്ലാസ്റ്റിക് കുപ്പികൾ, കോട്ടൺ സ്റ്റിക്ക്, ബാഗുകൾ, സിഗരറ്റ് കുറ്റികൾ, വൈപ്പ്, ബലൂൺ, ബലൂൺ സ്റ്റിക്കുകൾ എന്നിവ നിരോധിച്ചവയിൽ ഉൾപ്പെടും. പരിസ്ഥിതിയെയും പൊതുജനാരോഗ്യത്തെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അധികാരികൾ, വ്യാപാരികൾ, വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവർ പരിസ്ഥിതി സൗഹൃദ ബദലുകൾ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.

ജൂൺ ഒന്നിനു നിരോധനം നിലവിൽ വന്ന അബുദാബിയിൽ 8.7 കോടി (90%) പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറച്ചു. പുനരുപയോഗ വസ്തുക്കൾകൊണ്ട് നിർമിച്ച പ്ലാസ്റ്റിക് ബാഗുകളും നിരോധിച്ചിട്ടുണ്ട്. അത്യാവശ്യക്കാർക്ക് 25 ഫിൽസ് ഈടാക്കിയാണ് പ്ലാസ്റ്റിക് ബാഗുകൾ നൽകിവരുന്നത്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഇറക്കുമതി, ഉൽപാദനം, വിപണനം എന്നിവയ്ക്ക് 2026 മുതലാണ് സമ്പൂർണ നിരോധനം ഏർപ്പെടുത്തുക. പ്ലാസ്റ്റിക് കപ്പ്, കവർ, അടപ്പ്, സ്പൂൺ, ഫോർക്ക്, കത്തി, ചോപ്സ്റ്റിക്, പ്ലേറ്റ്, സ്ട്രോ, തവി, ഭക്ഷണ സംഭരണി, ഫോം ബോക്സ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

 

Similar News