ദുബൈയിൽ സന്ദർശക വിസയിൽ ഗ്രേസ് പിരീഡ് ഇനിയില്ല; അധിക ദിവസം തങ്ങുന്നവർ പിഴ അടക്കണം

Update: 2023-06-01 05:15 GMT

ദുബൈയിൽ സന്ദർശക വിസകളുടെ ഗ്രേസ് പിരീഡ് ഒഴിവാക്കി. നേരത്തെ നൽകിയ 10 ദിവസത്തെ ഗ്രേസ് പിരീഡാണ് ഒഴിവാക്കിയത്. ഇതോടെ, വിസ കാലാവധി കഴിയുന്നതിന് മുൻപ് തന്നെ രാജ്യം വിട്ടില്ലെങ്കിൽ പിഴ അടക്കേണ്ടി വരും.

നേരത്തെ 30, 60 ദിവസത്തെ സന്ദർശക വിസയിൽ ദുബൈയിലെത്തുന്നവർക്ക് 10 ദിവസം കൂടി രാജ്യത്ത് അധികമായി തങ്ങാൻ കഴിഞ്ഞിരുന്നു. ദുബൈ വിസയിൽ ദുബൈ വിമാനത്താവളത്തിലിറങ്ങി ഇവിടെ നിന്ന് തന്നെ മടങ്ങുന്നവർക്കായിരുന്നു ഈ ആനുകൂല്യം.. ഇതാണ് ഇപ്പോൾ ഒഴിവാക്കിയതെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു. എന്നാൽ, അധികൃതർ ഔദ്യോഗികമായി ഇക്കാര്യത്തിൽ നിർദേശം പുറപ്പെടുവിച്ചിട്ടില്ല. കാലാവധി തീർന്ന് അധികം തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിർഹം വീതം പിഴ അടക്കേണ്ടി വരും. ഇതിന് പുറമെ 300 ദിർഹമിലേറെ ഫീസും അടക്കണം. 30 ദിവസത്തെ വിസയെടുത്ത് വന്നയാൾ 10 ദിവസം അധികം തങ്ങിയാൽ 800 ദിർഹമിലേറെ നൽകേണ്ടി വരും.

ദുബൈ വിസക്കാർക്ക് മാത്രമാണ് ഗ്രേസ് പിരീഡ് ആനുകൂല്യം ലഭിച്ചിരുന്നത്. പ്രവാസികൾക്ക് ഏറെ പ്രയോജനകരമായിരുന്നു ഗ്രേസ് പിരീഡ്. സന്ദർശനത്തിനെത്തുന്ന കുടുംബങ്ങൾക്കും വിനോദ സഞ്ചാരികൾക്കും അധിക ചെലവില്ലാതെ 10 ദിവസം കൂടി നിൽക്കാൻ ഈ ആനുകൂല്യം ഉപകരിച്ചിരുന്നു. നിലവിൽ സന്ദർശക വിസയിലുള്ളവർക്കും പുതിയ നിർദേശം ബാധകമാണ്.

Similar News