യുഎഇയിൽ താപനില 50 ഡിഗ്രിയും പിന്നിട്ടു ; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
യു.എ.ഇയിൽ താപനില 50 ഡിഗ്രിയും പിന്നിട്ട് മുകളിലേക്ക്. അൽ ഐനിലെ ഉമ്മുഅസിമുൽ എന്ന സ്ഥലത്ത് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്കാണ് 50.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്.
ഇതോടെ, രാജ്യത്ത് ചൂട് പാരമ്യതയിലേക്ക് കടന്നിരിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചൂട് ശക്തമായത് വളരെ നേരത്തെയാണ്. കഴിഞ്ഞ വർഷം ജൂലൈ 16നാണ് 50 ഡിഗ്രി എന്ന പരിധിയിലെത്തിയത്. എന്നാൽ, ഇത്തവണ ജൂലൈ പിറക്കുന്നതിനുമുമ്പ് തന്നെ ചൂട് കനത്തിരിക്കുകയാണ്.
അതിനിടെ, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഈ ആഴ്ചയിൽ തന്നെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഓൺലൈൻ കാലാവസ്ഥ മാപ്പ് വ്യക്തമാക്കുന്നുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അൽഐനിലും ശനി, ഞായർ ദിവസങ്ങളിൽ ഫുജൈറയിലും മഴ പ്രതീക്ഷിക്കാം. അതോടൊപ്പം അബൂദബിയുടെ ഉൾപ്രദേശങ്ങളായ റസീൻ, അൽ ക്വാഅ എന്നിവിടങ്ങളിലും ഇടിയോടുകൂടിയ മഴയുണ്ടാകും.
രാജ്യത്ത് ജൂലൈ പകുതിയോടെ തുടങ്ങി ആഗസ്റ്റ് അവസാനം വരെയാണ് ഏറ്റവും ശക്തമായ ചൂട് അനുഭവപ്പെടാറുള്ളത്. കനത്ത ചൂട് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാനും കൂടുതൽ വെള്ളം കുടിക്കാനും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നുണ്ട്. അതോടൊപ്പം വെയിലത്ത് ഏറെ നേരം നിൽക്കുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് തൊഴിലാളികൾക്ക് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ച 12.30 മുതൽ 3.00 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.