അബുദാബി ഹിന്ദുക്ഷേത്രത്തിൽ ഇതുവരെ എത്തിയവർ 13 ലക്ഷം

Update: 2024-09-18 06:50 GMT

ഫെബ്രുവരിയിൽ തുറന്ന അബുദാബി ‘ബാപ്‌സ്’ ഹിന്ദുക്ഷേത്രത്തിൽ ഇതുവരെയെത്തിയത് 13 ലക്ഷം പേർ. ക്ഷേത്രം തുറന്ന് ആദ്യ 100 ദിവസത്തിനുള്ളിൽ പ്രതീക്ഷകൾ മറികടന്നുകൊണ്ട് 10 ലക്ഷം സന്ദർശകരെത്തിയതായി ക്ഷേത്രം മേധാവി സ്വാമി ബ്രഹ്‌മവിഹാരിദാസ് അറിയിച്ചു. ചൂട് 45 ഡിഗ്രി സെൽഷ്യസിന് മുകളിലായ സമയത്തുപോലും സാധാരണ ദിവസങ്ങളിൽ 3,000 സന്ദർശകരും വാരാന്ത്യങ്ങളിൽ 8,000 മുതൽ 10,000 വരെ പേരുമെത്തിയിരുന്നു.

അടുത്ത രണ്ട് മാസത്തിൽ നവരാത്രി, ദസറ, ദീപാവലി എന്നീ ആഘോഷവേളകളിൽ പ്രതിദിനം പതിനായിരത്തിലേറെപേർ സന്ദർശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രക്ഷാബന്ധൻ, ജന്മാഷ്ടമി, ഗണേശചതുർഥി തുടങ്ങിയ പ്രധാന ഇന്ത്യൻ ഉത്സവസമയങ്ങളിലെല്ലാം ഒട്ടേറെപ്പേർ എത്തിയതായി ബ്രഹ്‌മവിഹാരിദാസ് പറഞ്ഞു. അബു മുറൈഖ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ ഘടന, നിർമാണം, ഇന്ത്യയിലെ കരകൗശല വിദഗ്ധരുടെ അധ്വാനം എന്നിവയെല്ലാം കാണിക്കുന്ന 12 മിനിറ്റ് ദൈർഘ്യമുള്ള ത്രിഡി ഡോക്യുമെന്ററി തയ്യാറായതായി ബ്രഹ്‌മവിഹാരിദാസ് അറിയിച്ചു.

ക്ഷേത്രത്തിന്റെ കഥ ഡോക്യുമെന്ററി മനോഹരമായി പകർത്തിയതായി ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. എല്ലാ മതങ്ങളോടുമുള്ള ആദരവാണ് ഡോക്യുമെന്ററിയിലൂടെ കാണാനാവുന്നതെന്ന് ദുബായ് സിഖ് ഗുരുദ്വാര നാനാക് ദർബാർ ചെയർമാൻ സുരേന്ദർ കാന്ധാരി പറഞ്ഞു. ക്ഷേത്രാങ്കണത്തിൽ സജ്ജീകരിച്ച ചെറിയ തിയേറ്ററിൽ ഫെയറി ടെയിൽ എന്ന പേരിലുള്ള ഡോക്യുമെന്ററി സന്ദർശകർക്ക് ഈയാഴ്ച കാണാം. രാവിലെ ഒൻപതര മുതലാണ് പ്രദർശനം. മുതിർന്നവർക്ക് 50 ദിർഹമാണ് (1,140 രൂപ) നിരക്ക്. 12 വയസ്സിന് താഴെയുള്ളവർക്കും നിശ്ചയദാർഢ്യക്കാർക്കുംപ്രദർശനം സൗജന്യമാണ്. അതേസമയം തിരക്കൊഴിവാക്കാൻ ക്ഷേത്രദർശനത്തിന് രജിസ്‌ട്രേഷൻ ഇപ്പോഴും നിർബന്ധമാണ്. ചൊവ്വ മുതൽ ഞായർ വരെ രാവിലെ ഒൻപത് മുതൽ രാത്രി എട്ടുവരെയാണ് ക്ഷേത്രം തുറന്നിരിക്കുക.

Tags:    

Similar News