ദുബൈയുടെ ചരിത്രവും പരമ്പര്യവും പറയാം ; 'എർത്ത് ദുബൈ ' പദ്ധതി അവതരിപ്പിച്ച് ദുബൈ കിരീടാവകാശി
അതിവേഗ വികസനത്തിലൂടെ ലോകത്തെ അമ്പരപ്പിച്ച ദുബൈയുടെ ചരിത്രം അടയാളപ്പെടുത്താൻ താമസക്കാർക്ക് അവസരം. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതിനായി 'എർത്ത് ദുബൈ ' അഥവാ ദുബൈയുടെ പൈതൃകം എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചത്.
കഴിഞ്ഞ കാലത്തെ ദുബൈയിലെ ജീവിതവും വികസനവും പരാമർശിക്കുന്ന അനുഭവങ്ങളും സംഭവങ്ങളും അടയാളപ്പെടുത്താനുള്ള ഓൺലൈൻ പ്ലാറ്റ്ഫോമാണ് ഇതിനായി രൂപപ്പെടുത്തിയിരിക്കുന്നത്. താമസക്കാർക്ക് യു.എ.ഇ പാസ് ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അനുഭവങ്ങളും സംഭവങ്ങളും രേഖപ്പെടുത്താൻ സാധിക്കും.
പദ്ധതിയിൽ ഭാഗമാകാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ഭൂതകാലത്തിന്റെ അനുഭവങ്ങൾ ഭാവിതലമുറക്ക് വേണ്ടി നമുക്ക് ഒരുമിച്ചെഴുതാമെന്നും പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ശൈഖ് ഹംദാൻ എക്സ് അക്കൗണ്ടിൽ കുറിച്ചു. നഗരത്തിന്റെ കഴിഞ്ഞ കാലത്തിന്റെ മുദ്രകൾ അടയാളപ്പെടുത്തുന്നതിന് ജനകീയമായ സംരംഭം എന്ന നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്. ജനങ്ങളുടെ പങ്കാളിത്തത്തോടെ പൈതൃകം രേഖപ്പെടുത്തുന്നത് സാധാരണക്കാരുടെ അനുഭവങ്ങൾ കൂടി ചരിത്രത്തിന്റെ ഭാഗമാകുന്നതിന് സഹായിക്കും.
എല്ലാ പ്രായത്തിലുള്ളവർക്കും ചരിത്രമെഴുത്തിൽ പങ്കാളികളാകാൻ അവസരമുണ്ട്. കഥകളും ജീവിതാനുഭവങ്ങളും ശേഖരിക്കാനും രേഖപ്പെടുത്താനും സഹായിക്കുന്നതിന് ദുബൈ സർക്കാർ ജീവനക്കാർക്കൊപ്പം പൊതു, സ്വകാര്യ സ്കൂൾ വിദ്യാർഥികളെയും പദ്ധതിയുടെ ഭാഗമാക്കും.
ഒന്നിലധികം ഘട്ടങ്ങളിലായാണ് 'എർത്ത് ദുബൈ ' നടപ്പാക്കുന്നത്. താമസക്കാരുടെ ഭാഗത്തുനിന്നുള്ള ചരിത്ര ശേഖരണമാണ് നിലവിൽ തുടങ്ങുന്നത്. പിന്നീടുള്ള ഘട്ടത്തിൽ, ഈ രേഖകൾ ചരിത്രപരവും സാമൂഹികവും സാംസ്കാരികവുമായ വീക്ഷണങ്ങൾ നന്നായി അറിയാവുന്ന ഒരു പ്രത്യേക ജൂറി വിലയിരുത്തും.
ദുബൈയുടെ ചരിത്രത്തിന്റെ സമഗ്ര വിവരണങ്ങൾ, അതിന്റെ വളർച്ചയിലെ ശ്രദ്ധേയമായ സംഭാവനകൾ, വിവിധ കാലങ്ങളിലെ എമിറേറ്റിലെ ജീവിതം, കാലക്രമേണ സംഭവിച്ച പരിണാമം എന്നിവ ഈ സംരംഭത്തിൽ രേഖപ്പെടുത്തപ്പെടും. എമിറേറ്റിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്ന നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയുമായി (കെ.എച്ച്.ഡി.എ) സഹകരിച്ച് വിദ്യാർഥികളെ അവരുടെ മാതാപിതാക്കളുടെയും മുൻ തലമുറയുടെയും ഭൂതകാലവുമായി ബന്ധിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന സ്കൂൾ കാമ്പയിനും പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.