ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പറക്കും ടാക്സിയുടെ ആദ്യ മാതൃക പുറത്തുവിട്ട് അധികൃതർ. ദുബൈ റോഡ് ഗതാഗത അതോറിറ്റിയുടെ പങ്കാളിത്തത്തിൽ മ്യൂസിയം ഓഫ് ഫ്യൂച്ചറാണ് ജോബി ഏവിയേഷൻ വികസിപ്പിച്ച പറക്കും ടാക്സിയുടെ ആദ്യ രൂപം പുറത്തുവിട്ടത്. മ്യൂസിയത്തിൽ ‘ടുമോറോ, ടുഡേ’ എന്ന പേരിൽ നടക്കുന്ന എക്ബിഷൻ വേദിയിൽ പ്രദർശിപ്പിച്ച മാതൃക സന്ദർശകരിൽ കൗതുകം നിറച്ചു.
2030ഓടെ എമിറേറ്റിലെ ഗതാഗത സംവിധാനങ്ങളിൽ 25 ശതമാനം സ്വയം നിയന്ത്രിത ഡ്രൈവിങ് മാർഗങ്ങളിലേക്ക് മാറുകയെന്നതാണ് പറക്കും ടാക്സി സംരംഭത്തിലൂടെ ദുബൈ ലക്ഷ്യമിടുന്നത്. നൂതന വൈദ്യുതി സാങ്കേതികതകൾ ഉപയോഗിക്കുന്ന പറക്കും ടാക്സികൾ കാർബൺ ബഹിർഗമനം കുറക്കുന്നതിനും ആഗോള സുസ്ഥിരത ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും സഹായകമാവും. മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ പറക്കും ടാക്സികളുടെ ആദ്യ മാതൃക പ്രദർശിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി ആർ.ടി.എയുടെ പൊതുഗതാഗത ഏജൻസി ഡയറക്ടർ ഖാലിദ് അൽ അവാദി പറഞ്ഞു.
2026ന്റെ ആദ്യപാദ വർഷത്തിൽ സർവിസ് ആരംഭിക്കാൻ തയാറെടുക്കുന്ന പറക്കും ടാക്സിയിലൂടെ നഗര ഗതാഗതരംഗത്ത് പുതിയ പരിവർത്തനത്തിനായിരിക്കും ദുബൈ തുടക്കമിടുകയെന്നും അദ്ദേഹം പറഞ്ഞു. വെർട്ടിക്കൽ ടേക്ക് ഓഫും ലാൻഡിങ്ങും സാധ്യമാകുന്ന പറക്കും ടാക്സികൾ സുരക്ഷയിലും യാത്രക്കാരുടെ ക്ഷേമത്തിലും അന്താരാഷ്ട്ര നിലവാരം പാലിക്കുന്നതാണെന്നും അദ്ദേഹം തുടർന്നു.
പൈലറ്റ് അടക്കം നാല് യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ടാക്സികൾക്ക് മണിക്കൂറിൽ 322 കി.മീ വേഗത്തിൽ 161 കി.മീ ദൂരം സഞ്ചരിക്കാനാവും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ഡൗൺ ടൗൺ ദുബൈ, ദുബൈ മറീന, പാം ജുമൈറ എന്നിവയുമായി ബന്ധിപ്പിച്ചുള്ള റൂട്ടുകളിലായിരിക്കും ആദ്യ സർവിസ്.