രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച മഴ ലഭിച്ചു. രാവിലെയും വൈകുന്നേരവും റാസൽഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളിലാണ് മഴ ലഭിച്ചത്. ചില പ്രദേശങ്ങളിൽ ശക്തമായ മഴ തന്നെ ലഭിച്ചപ്പോൾ മറ്റിടങ്ങളിൽ ചെറിയ മഴ മാത്രമാണ് രേഖപ്പെടുത്തിയത്. നേരത്തേ ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഫുജൈറയിൽ അൽ ഖലബിയ്യ, അൽ ഹല, ദിബ്ബ എന്നിവിടങ്ങളിലും റാസൽഖൈമയിൽ ആസ്മയിലും മഴ രേഖപ്പെടുത്തി. വിവിധ മലയോര പ്രദേശങ്ങളിൽ മഴ പെയ്യുന്നതിന്റെ ചിത്രങ്ങൾ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പങ്കുവെച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വടക്ക്, കിഴക്ക് മേഖലകളിലാണ് വരും ദിവസങ്ങളിലും മഴയുണ്ടാകും. ഈ ദിവസങ്ങളിൽ താപനില കുറയുകയും ചെയ്യും. കാലാവസ്ഥയിലെ മാറ്റം പല സ്ഥലങ്ങളിലും രാത്രി സമയങ്ങളിൽ ഈർപ്പം വർധിക്കാനും രാവിലെ മൂടൽമഞ്ഞ് രൂപപ്പെടാനും കാരണമായേക്കും. അതുപോലെ മണിക്കൂറിൽ 40 കി.മീ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഞായർ മുതൽ തിങ്കൾ രാവിലെ വരെ, തീരപ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും വടക്കൻ, കിഴക്കൻ മേഖലകളിൽ കനത്ത മഴയും പ്രതീക്ഷിക്കാം. താപനില കുറയുന്നതോടൊപ്പം, പർവതപ്രദേശങ്ങളിൽ മഞ്ഞ് വീഴാനും ചില പ്രദേശങ്ങളിൽ ആലിപ്പഴം വീഴാനും സാധ്യതയുണ്ട്.
കാറ്റ് ഇടക്കിടെ ശക്തിപ്പെടാനും മണൽകാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും ഒമാൻ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകുമെന്നും പ്രവചനമുണ്ട്.