യുഎഇയിൽ എയർ ടാക്സിയുടെ പരീക്ഷണ പറക്കൽ മേയിൽ ; 2026 പുതുവത്സരദിനം മുതൽ സർവീസ് തുടങ്ങിയേക്കും
യു.എ.ഇയിൽ 2026 പുതുവത്സര ദിനം മുതൽ എയർ ടാക്സി സർവിസ് തുടങ്ങുമെന്ന് അബൂദബി ആസ്ഥാനമായ ഫാൽക്കൺ ഏവിയേഷൻ സർവിസസ് അറിയിച്ചു. അടുത്ത വർഷം മേയ് മുതൽ അൽ ഐനിൽ പരീക്ഷണപ്പറക്കൽ തുടങ്ങുമെന്നും ഫാൽക്കൺ ഏവിയേഷൻ സർവിസസ് സി.ഇ.ഒ രമൺദീപ് ഒബ്റോയ് പറഞ്ഞു.
2024 മാർച്ചിൽ യു.എസ് ആസ്ഥാനമായ ഇലക്ട്രിക് ഫ്ലയിങ് നിർമാതാക്കളായ ആർച്ചർ ഏവിയേഷനും യു.എ.ഇയിലെ ഏവിയേഷൻ സർവിസ് ഓപറേറ്ററായ ഫാൽക്കൺ ഏവിയേഷനും തമ്മിൽ ദുബൈയിലെയും അബൂദബിയിലെയും നിർണായക സ്ഥലങ്ങളിൽ വെർട്ടിപോർട്ട് സ്ഥാപിക്കാനുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതുപ്രകാരം ദുബൈ പാം അറ്റ്ലാന്റിസ്, അബൂദബി കോർണിഷിലെ മറീന മാൾ ഹെലിപോർട്ട് എന്നിവിടങ്ങളിൽ അത്യാധുനിക വെർട്ടിപോർട്ട് സൗകര്യം വികസിപ്പിക്കും.
ഈ രണ്ട് വെർട്ടിപോർട്ടുകൾക്കിടയിൽ ആർച്ചേഴ്സ് ‘മിഡ്നൈറ്റ്’ പറക്കും ടാക്സി സർവിസ് നടത്തും. ടേക്ക് ഓഫ് മുതൽ ലാൻഡിങ് വരെ 30 മിനിറ്റിനുള്ളിൽ പൂർത്തിയാവും. വർധിച്ചുവരുന്ന റോഡ് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് എയർ ടാക്സി ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. ഫ്ലയിങ് ടാക്സി യാത്രാനിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് രമൺദീപ് ഒബ്റോയ് പറഞ്ഞു. അബൂദബി-ദുബൈ യാത്രക്കാർക്ക് 1,000 ദിർഹവും നഗരത്തിനുള്ളിലെ യാത്രികർക്ക് 300 ദിർഹവും നിരക്ക് ഏർപ്പെടുത്താനാണ് ആലോചന.