കേരളപ്പിറവി പ്രമാണിച്ച് കേരള സർക്കാർ ഒരുക്കുന്ന 'കേരളീയം - 2023' സാംസ്കാരികോത്സവത്തിന്റെ ഭാഗമായി റേഡിയോ കേരളം ഗിന്നസ് വേൾഡ് റെക്കോർഡ് ദൗത്യം സംഘടിപ്പിക്കുന്നു. 67മത് കേരളപ്പിറവി ദിനമായ ഇന്ന്, 67 വ്യത്യസ്ത ഭാഷകളിൽ, 67 പേർ ഓൺലൈൻ വീഡിയോയിലൂടെ കേരളപ്പിറവി ആശംസകൾ നേരുന്നതിലൂടെയാണ് റേഡിയോ കേരളത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിക്കുന്നത്. ഇത്രയധികം ആളുകൾ ഇത്രയധികം ഭാഷകളിൽ ആശംസ നേരുന്നത് ഗിന്നസ് ചരിത്രത്തിൽ പുതിയ റെക്കോർഡിന് വഴിതെളിക്കുമെന്ന് റേഡിയോ കേരളം അണിയറ പ്രവർത്തകർ വ്യക്തമാക്കി.
യു.എ.ഇ സമയം ഇന്ന് രാവിലെ 11:30നാണ് ഗിന്നസ് ദൗത്യം ആരംഭിക്കുന്നത്.കേരള സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ മുതൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാധാരണക്കാർ വരെ ഈ ദൗത്യത്തിൽ അണിചേരും. ഒപ്പം, വിവിധ ഗൾഫ് രാജ്യങ്ങളിലെ റേഡിയോ കേരളം ശ്രോതാക്കളും അവരുടെ സുഹൃത്തുക്കളും ഈ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. റെക്കോർഡ് നേട്ടത്തിൽ പങ്കാളികളാകുന്ന എല്ലാവർക്കും ഗിന്നസ് സർട്ടിഫിക്കറ്റ് ലഭിക്കും.