അബുദാബി∙ : നഗരത്തെ ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി അബുദാബിയുടെ പ്രവേശന കവാടങ്ങളിൽ ഗാഫ് മരങ്ങൾ വച്ചുപിടിപ്പിച്ചു. ദുബായ്–അബുദാബി അതിർത്തിയായ ഗന്തൂത്തിലും പരിസര പ്രദേശങ്ങളിലുമാണ് ഗാഫ് മരങ്ങൾ നട്ടുപിടിപ്പിച്ചത്.അബുദാബി എമിറേറ്റിനെ പച്ചപ്പട്ടണിയിക്കാനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. അബുദാബി നഗരസഭയുടെ നേതൃത്വത്തിലാണ് 700 ഗാഫ് മരങ്ങൾ വച്ചുപിടിപ്പിച്ചത്. മരുഭൂമിയിലെ കൊടുംചൂടിനെ അതിജീവിക്കുന്നതും ദേശീയ വൃക്ഷവുമായ ഗാഫ് മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്.
എമിറേറ്റ്സ് എൻവയോൺമെന്റൽ വർക്കിങ് ഗ്രൂപ്പുമായി സഹകരിച്ചു നടത്തുന്ന പദ്ധതിയിൽ സ്ത്രീകളും കുട്ടികളും വിദ്യാർഥികളും നഗരസഭാ ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രകൃതി സംരക്ഷണ സന്ദേശത്തിലേക്ക് വിദ്യാർഥികളെ ആകർഷിക്കാനും പദ്ധതി സഹായകമായതായി അധികൃതർ പറഞ്ഞു.