യു എ ഇ യും, യു എസും തമ്മിൽ സഹകരണം അനിവാര്യം ; ലക്ഷ്യം ഊർജ സംരക്ഷണം

Update: 2022-11-04 05:37 GMT

അബുദാബി : ആഗോള ഊർജ സുരക്ഷ ഉറപ്പാക്കാനും വെല്ലുവിളി നേരിടാനും യു എ ഇ യും, യു എസും തമ്മിൽ സഹകരണം അനിവാര്യമാണെന്ന് ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയിൽ അഭിപ്രായപ്പെട്ടു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നടത്തിയ വിഡിയോ ചർച്ചയിലാണ് സഹകരണം ശക്തിപ്പെടേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞത്.

രാജ്യാന്തര പെട്രോളിയം പ്രദർശന, സമ്മേളനത്തോടനുബന്ധിച്ച് ഇരുരാജ്യങ്ങളും സംയുക്തമായി 10,000 കോടി ഡോളർ ചെലവിൽ 100 ഗിഗാവാട്ട് സംശുദ്ധ ഊർജ പദ്ധതിയിൽ ഒപ്പുവച്ചിരുന്നു. ഇത്തരം നീക്കങ്ങളിലൂടെ ഊർജ സുരക്ഷ ഒരുപരിധിവരെ ഉറപ്പാക്കാനാകുമെന്നും ഇരുവരും പറഞ്ഞു. കാർബൺ രഹിത യുഎഇ (നെറ്റ് സീറോ 2050) എന്ന പ്രഖ്യാപിത ലക്ഷ്യത്തിനു കരുത്തേകാൻ സംശുദ്ധ ഊർജ പദ്ധതികൾക്ക് യുഎഇ ഊന്നൽ നൽകുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് അടുത്ത വർഷം യുഎഇ ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. ആഗോള ഊർജ വിപണി സുസ്ഥിരമാക്കുക, പുനരുപയോഗ ഊർജത്തിൽ നിക്ഷേപം വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലും ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കും.

Similar News