ദേശീയദിനവുമായി ബന്ധപ്പെട്ട് പൊതു അവധി പ്രഖ്യാപിച്ച ഡിസംബർ രണ്ട്, മൂന്ന് ദിവസങ്ങളിൽ പാർക്കിങ് സൗജന്യമാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ബഹുനില പാർക്കിങ് ഒഴികെയുള്ള ഇടങ്ങളിലാണ് പാർക്കിങ് സൗജന്യം. വാരാന്ത്യ അവധി ദിനമായ ഞായറാഴ്ചകൂടി വരുന്നതോടെ ഫലത്തിൽ മൂന്നുദിവസം പാർക്കിങ് ഇളവ് ലഭിക്കും.
അതേസമയം, അവധിദിനങ്ങളില്‍ പൊതുഗതാഗത സർവിസുകളായ ബസ്, മെട്രോ, ട്രാം, വാട്ടർ ടാക്സി എന്നിവയുടെ സർവിസ് സമയം ആർ.ടി.എ പുനഃക്രമീകരിച്ചു. ശനി, തിങ്കള്‍ ദിവസങ്ങളില്‍ മെട്രോ രാവിലെ അഞ്ച് മണിമുതല്‍ അർധരാത്രി ഒരുമണിവരെ പ്രവര്‍ത്തിക്കും.
ഞായറാഴ്ച രാവിലെ എട്ടുമുതല്‍ അർധരാത്രി ഒന്നുവരെയും ചൊവ്വാഴ്ച രാവിലെ അഞ്ചുമുതല്‍ അര്‍ധരാത്രി 12 വരെയും സേവനങ്ങള്‍ ലഭ്യമാകും. ശനി, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ ആറ് മണി മുതലും ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതലും ദുബൈ ട്രാം പ്രവര്‍ത്തിക്കും.
നാല് ദിവസങ്ങളിലും പുലര്‍ച്ച ഒരുമണിവരെ സേവനങ്ങൾ തുടരും. അവധി ദിനങ്ങളില്‍ ഇ 100, ഇ 102 എന്നീ രണ്ട് ബസ് റൂട്ടുകള്‍ താൽക്കാലികമായി നിര്‍ത്തിവെക്കും. അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍നിന്നുള്ള ഇ 100 ബസ് റൂട്ട് ചൊവ്വാഴ്ചവരെ നിര്‍ത്തിവെക്കും. ഇബ്ന് ബത്തൂത്ത ബസ് സ്റ്റേഷനില്‍നിന്ന് അബൂദബിയിലേക്കുള്ള യാത്രക്കാര്‍ക്ക് റൂട്ട് ഇ 102 ഉപയോഗിക്കാം.
അല്‍ ജാഫിലിയ ബസ് സ്റ്റേഷനില്‍നിന്ന് റൂട്ട് ഇ 102ഉം അവധി ദിനത്തില്‍ പ്രവര്‍ത്തിക്കില്ല. ജല ഗതാഗത സേവനങ്ങളുടെ സമയക്രമത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉപഭോക്തൃ കേന്ദ്രങ്ങളും വാഹന പരിശോധനാ കേന്ദ്രങ്ങളും അവധിയായിരിക്കുമെന്ന് ആർ.ടി.എ അറിയിച്ചു.
ദുബൈ ഫെറി
അവധി ദിനങ്ങളില്‍ രാവിലെ 11.30ന് ആരംഭിക്കുന്ന ഫെറി സർവിസുകൾ അര്‍ധരാത്രി 12.30 വരെ തുടരും. അല്‍ ഗുബൈബ-ദുബൈ വാട്ടര്‍ കനാല്‍ (എഫ്.ആര്.ഒന്ന്) ഉച്ചക്ക് ഒന്നുമുതല്‍ വൈകീട്ട് ആറുവരെയും തിരിച്ച് ഉച്ചക്ക് 2.25 മുതല്‍ 7.25 വരെയും പ്രവര്‍ത്തിക്കും. ദുബൈ വാട്ടര്‍ കനാല്‍- ബ്ലൂവാട്ടേഴ്സ് റൂട്ടില്‍ ഉച്ചക്ക് 1.20 മുതല്‍ രാത്രി 6.50 വരെ ഫെറി സർവിസുണ്ടാകും.
ഉച്ചക്ക് ഒരുമണി മുതല്‍ രാത്രി 7.55 വരെ ബ്ലൂവാട്ടേഴ്സ്-മറീന മാള്‍ റൂട്ടില്‍ സേവനങ്ങള്‍ ലഭ്യമാണ്. രാവിലെ 11.30ന് മറീന മാളില്‍നിന്ന് ആരംഭിക്കുന്ന ടൂറിസ്റ്റ് ട്രിപ്പുകള്‍ വൈകീട്ട് 4.30വരെയുണ്ടാകും. അല്‍ ഗുബൈബ- ഷാര്‍ജ അക്വേറിയം യാത്രക്കാര്‍ക്കായി ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി 10 മണിവരെ ഫെറി സർവിസ് നടത്തും. അല്‍ ജദ്ദാഫ്, ദുബൈ ക്രീക്ക് ഹാര്‍ബര്‍, ദുബൈ ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളില്‍നിന്നും വൈകീട്ട് നാലുമണി മുതല്‍ അര്‍ധരാത്രി 12.30 വരെ ടൂറിസ്റ്റ് ട്രിപ്പുകളുമുണ്ടാകും.
വാട്ടര്‍ ടാക്സി
മറീന മാളില്‍നിന്ന് ബ്ലൂവാട്ടേഴ്സിലേക്ക് (ബി.എം.3) വൈകീട്ട് നാലുമുതല്‍ രാത്രി 11.50 വരെ വാട്ടര്‍ ടാക്സി സര്‍വിസ് നടത്തും. ഉച്ചക്ക് മൂന്നുമുതല്‍ രാത്രി 11 വരെ ഓണ്‍ ഡിമാന്‍ഡ് സേവനങ്ങളും ലഭ്യമാണ്. മറീന മാള്‍ ഒന്ന് -മറീന വാക്ക് (ബി.എം. ഒന്ന്) രാവിലെ 10 മണി മുതല്‍ രാത്രി 11.10 വരെ, മറീന പ്രൊമനേഡ് -മറീന മാള്‍ (ബി.എം. ഒന്ന്) ഉച്ചക്ക് 1.50 മുതല്‍ രാത്രി 9.45 വരെ, മറീന ടെറസ് -മറീന വാക്ക് (ബി.എം. ഒന്ന്) ഉച്ചക്ക് 1.50 മുതല്‍ രാത്രി 9.50 വരെയും വാട്ടര്‍ ടാക്സി സര്‍വിസുകളുണ്ടാകും.
അബ്ര
ഓള്‍ഡ് ദുബൈ സൂഖ് -ബനിയാസ് (സി.ആര്. മൂന്ന്) രാവിലെ 10 മുതല്‍ രാത്രി 10.50 വരെ, അല്‍ ഫഹിദി -അല്‍ സബ്കാ (സി.ആര്.നാല്), രാവിലെ 10 മുതല്‍ രാത്രി 11.15 വരെ, അല്‍ ഫഹിദി -ദേര ഓള്‍ഡ് സൂഖ് (സി.ആര്.അഞ്ച്) രാവിലെ 10 മുതല്‍ രാത്രി 11.30 വരെ, ബനിയാസ് -അല്‍ സീഫ് (സി.ആര്.ആറ്) രാവിലെ 10 മുതല്‍ അര്‍ധരാത്രിവരെ, അല്‍ സീഫ് -അല്‍ ഫഹിദി -ഓള്‍ഡ് ദുബൈ സൂഖ് (സി.ആര്.ഏഴ്)
ഉച്ചക്ക് 3.10 മുതല്‍ രാത്രി 10.55 വരെ, അല്‍ ജദ്ദാഫ്- ദുബൈ ഫെസ്റ്റിവല്‍ സിറ്റി (ബി.എം.രണ്ട്) രാവിലെ 7.30 മുതല്‍ വൈകീട്ട് നാല് മണിവരെ, ഓള് ജദ്ദാഫ്-ദുബൈ ക്രീക്ക് ഹാര്‍ബര്‍ (സി.ആര്.11) രാവിലെ 7.15 മുതല്‍ വൈകീട്ട് നാല് മണിവരെയും ഗതാഗത സേവനങ്ങള്‍ നല്‍കും.
ടൂറിസ്റ്റ് അബ്ര സേവനങ്ങളുടെ പ്രവര്‍ത്തന സമയവും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അല്‍ സീഫ്, അല്‍ ഫഹിദി, ബനിയാസ് (ടി.ആര്.10) വൈകീട്ട് നാലുമണി മുതല്‍ രാത്രി 10.15 വരെ, ദുബൈ വാട്ടര്‍ കനാല്‍, ശൈഖ് സായിദ് മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷന് (ടി.ആര്.ആറ്) വൈകീട്ട് നാലുമുതല്‍ രാത്രി 10.15 വരെ, വാട്ടര്‍ഫ്രണ്ട്, മറാസി, ബിസിനസ് ബേ, ഗോഡോള്ഫിന് (ഡി.സി.രണ്ട്)
രാവിലെ പത്തുമുതല്‍ രാത്രി 10.05 വരെ, വാട്ടര്‍ഫ്രണ്ട്, മറാസി, ബിസിനസ് ബേ, ഗോഡോള്ഫിന്, ശൈഖ് സായിദ് റോഡ് (ഡി.സി.രണ്ട്) 3.35 മുതല്‍ രാത്രി 10.05 വരെ, അല്‍ ജദ്ദാഫ് -ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ട് (ഡി.സി.മൂന്ന്) വൈകീട്ട് നാലുമുതല്‍ രാത്രി 10.45 വരെ, മറീന മാള്‍ (ടി.ആര്.എട്ട്) വൈകീട്ട് നാലുമുതല്‍ രാത്രി 10.15 വരെയും യാത്രാസേവനങ്ങള്‍ ലഭ്യമാകും.