സൈബർ ഭീഷണികളിൽ നിന്ന് സുരക്ഷ ; ബോധവത്കരണവുമായി അബുദാബി ഡിജിറ്റൽ അതോരിറ്റി

Update: 2022-09-22 11:45 GMT

അബുദാബി∙; സൈബർ കുറ്റ കൃത്യങ്ങളും തട്ടിപ്പുകളും പെരുകുന്ന സാഹചര്യത്തിൽ സൈബർ ഭീഷണികളിൽനിന്ന് ജനങ്ങളെ‍ രക്ഷിക്കാൻ പദ്ധതിയൊരുക്കി അബുദാബി ഡിജിറ്റൽ അതോറിറ്റി (എഡിഡിഎ). സൈബർ സുരക്ഷാ കൗൺസിലുമായി സഹകരിച്ച് 4 ഘട്ടമായാണ് ക്യാംപെയ്ൻ നടത്തുക.

ആദ്യഘട്ടത്തിൽ സൈബർ ഭീഷണികൾ ഏതൊക്കെ രീതിയിൽ എത്തുമെന്നും അവയെ എങ്ങനെ തിരിച്ചറിഞ്ഞ് തടയണമെന്നും എന്തു നടപടിയാണ് സ്വീകരിക്കേണ്ടത് മുതലായ കാര്യങ്ങളാണ് ഈ ബോധവൽക്കരണ ക്യാമ്പയിനിൽ വിശദീകരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ പാസ്‌വേഡ് സുരക്ഷ ഉറപ്പാക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കും. ഏതെങ്കിലും കാരണവശാൽ പാസ്‌വേഡ് ചോർന്നെന്ന് സംശയിച്ചാൽ ഉടൻ മാറ്റണം. ഇടയ്ക്കിടെ പാസ്‌വേഡ് മാറ്റുന്നതും നല്ലതാണ്.അക്ഷരം, അക്കം, ചിഹ്നങ്ങൾ എന്നിവയെല്ലാം ഉപയോഗിച്ച് പാസ്‌വേഡ് ശക്തമാക്കണം. പേര്, ജനന തീയതി, ഫോൺ നമ്പർ, അക്കൗണ്ട് നമ്പർ തുടങ്ങി വ്യക്തികളുമായി ബന്ധപ്പെട്ടവ പാസ്‌വേർഡിൽ ഉൾപ്പെടുത്തരുത്.കാരണം പൊതുവായ കാര്യങ്ങൾ പാസ്സ്‌വേർഡിൽ ഉൾപ്പെടുത്തുന്നത് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വർധിപ്പിക്കും. ഡേറ്റയുടെ സ്വകാര്യത സംരക്ഷിക്കുന്നതാണ് മൂന്നാംഘട്ടത്തിലുള്ളത്. വ്യക്തിഗത ഡേറ്റ മറ്റുള്ളവരുമായി പങ്കിടരുത്. ഹാക്കർമാർ അതുവച്ച് ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തും. ചില കേസുകളിൽ സമൂഹത്തിനും ദോഷകരമാകും. സൈബർ ആക്രമണത്തിന്റെ വിവിധ രൂപങ്ങൾ വിശദമായി ചർച്ച ചെയ്ത ശേഷം നവംബറിൽ ക്യാംപെയ്ൻ സമാപിക്കും.ഫോണുകളിലേക്കും മറ്റും അനാവശ്യമായി വരുന്ന വ്യാജ സമ്മാന വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും എഡിഡിഎ ഡയറക്ടർ ഡോ. മുഹമ്മദ് അൽ അസ്കർ പറഞ്ഞു.രാജ്യത്തിന്റെ വിഭവങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ, സർക്കാരിതര ഡേറ്റ സുരക്ഷ ഉറപ്പാക്കുന്നതിനും ക്യാംപെയ്ൻ ഊന്നൽ നൽകും.

സർക്കാർ ജീവനക്കാർക്കിടയിൽ സൈബർ ഉത്തരവാദിത്തബോധം വളർത്തിയെടുക്കാനുള്ള നടപടികളും ശക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെയും ബോധവൽക്കരണം ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി

Similar News