അങ്ങനെ ലോകത്തലാദ്യമായി എഐ സൗന്ദര്യമത്സരം വരുന്നു. അപ്പോൾ വൈകാതെ ഒരു എഐ സൗന്ദര്യറാണിയേയും കാണാം, അല്ലെ? എഐ മോഡലുകളും ഇഫ്ലുവേഴ്സുമാണ് മത്സരാർഥികൾ. ഇവരുടെ സൗന്ദര്യം, ഓൺലൈൻ സ്‌പേസിലുള്ള സാന്നിധ്യം, ആരാധകരുമായുള്ള ഇടപെടൽ, ഇവരെ നിർമിക്കാനായി വേണ്ടിവന്ന സാങ്കേതിക വൈദഗ്ധ്യം എന്നിവയായിരിക്കും വിജയിയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളെന്ന് വേൾഡ് എഐ ക്രിയേറ്റേഴ്‌സ് അവാർഡ്‌സ് അധികൃതർ അറിയിച്ചിട്ടുണ്ട്.
എഐ അവതാറുകളെ നാലുപേരടങ്ങുന്ന ഒരു ജഡ്ജിങ് പാനലിനു മുന്നിൽ അവതരിപ്പിക്കും. ജഡ്ജിങ് പാനലിലും രണ്ടു എഐ ഇൻഫ്ലുവേഴ്സേഴ്സുണ്ട്. സ്‌പെയിനിൽ നിർമിക്കപ്പെട്ട 3000 ഫോളോവേഴ്‌സുള്ള എയ്താന ലോപസ്, രണ്ടരലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള എമിലി പെലഗ്രിനി എന്നിവരാണ് എഐ നിർമിത അംഗങ്ങൾ. മറ്റു രണ്ടുപേർ മനുഷ്യർതന്നെയാണ്. സംരംഭകനായ ആൻഡ്രൂ ബ്ലോക്, ബ്യൂട്ടി പേജന്‌റുകളുടെ ചരിത്രത്തിൽ ഗവേഷണം ചെയ്യുന്ന സാലി ആൻ ഫോസറ്റ് എന്നിവരാണ് ഇവർ. മിസ് എഐ എന്ന പുരസ്‌കാരം നേടുന്ന എൻട്രിയുടെ സ്രഷ്ടാവിന് 5000 യുഎസ് ഡോളറാണ് പ്രൈസ്മണി ലഭിക്കുക. അടുത്ത മാസം പത്തിനാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്.