ടെറസിന് മുകളില്‍ കിടന്നു ഒരാഴ്ച വെയില്‍ കൊണ്ട് ശരീരം കറുപ്പിച്ചു, അത് കഥാപാത്രത്തിന് വേണ്ടിയായിരുന്നു; വിനീത് പറയുന്നു

Update: 2024-11-09 11:51 GMT

ചെറിയ പ്രായത്തില്‍ അഭിനയിച്ചു തുടങ്ങിയ വിനീതിന് ഒരുകാലത്ത് കൈനിറയെ സിനിമകളുമായിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേളകള്‍ എടുക്കാറുണ്ട്. ഇടയ്ക്ക് ഡബ്ബിങ് ചെയ്തു ഞെട്ടിക്കുന്ന പ്രകടനവും കാഴ്ചവച്ചിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തില്‍ പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ പറയുകയാണ് വിനീത്. സംവിധായകന്മാരായ ഭരതന്‍, പത്മരാജന്‍, തുടങ്ങിയവരെ കുറിച്ചും അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്ത സിനിമകളെ കുറിച്ചുമാണ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ വിനീത് വ്യക്തമാക്കിയത്.

എംടി സാറിന്റെ തിരക്കഥയില്‍ ഭരതേട്ടന്‍ ഋഷിശൃംഗന്‍ എന്നൊരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു. അതിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ക്ഷണം എനിക്ക് കിട്ടി. എന്റെ ആദ്യ സിനിമയ്ക്ക് മുന്‍പുള്ള കാര്യമാണിത്. അന്ന് ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുകയാണ്. എം ഡി സാറിന്റെ നിര്‍ദ്ദേശത്താല്‍ ഞാന്‍ ഭരതേട്ടന്റെ മദിരാശിയിലുള്ള വീട്ടില്‍ പോയി കണ്ടു. ഋഷിശൃംഗന്റെ കഥ മുഴുവന്‍ എനിക്ക് പറഞ്ഞു തന്നു. സന്തോഷത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്. പക്ഷേ എന്തുകൊണ്ടോ ആ സിനിമ നടന്നില്ല.

പിന്നീട് ആവാരംപൂ, പ്രണാമം എന്നീ ചിത്രങ്ങളില്‍ ഞാന്‍ ഭരതേട്ടനൊപ്പം വര്‍ക്ക് ചെയ്തു. സിനിമ ജീവിതത്തില്‍ ഏറ്റവും ആഹ്ലാദത്തോടെ കൂടെ ചെയ്ത ചിത്രമായിരുന്നു അത്. ആവാരം പൂവിലെ കഥാപാത്രത്തിന് വേണ്ടി താമസിച്ചിരുന്ന നാഗര്‍കോവിലിലെ ലോഡ്ജിന്റെ ടെറസിന് മുകളില്‍ കിടന്നു ഒരാഴ്ച വെയില്‍ കൊണ്ട് ഞാന്‍ ശരീരം കറുപ്പിച്ചിരുന്നു. എന്റെ മൂന്നാമത്തെ ചിത്രമായിരുന്നു പത്മരാജന്‍ സംവിധാനം ചെയ്ത 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍'.

വളരെ സൗമ്യ സ്വരൂപനായിരുന്നു പപ്പേട്ടന്‍. സംഭാഷണത്തിലെ മോഡുലേഷന്‍ അദ്ദേഹത്തിന്റെ സെറ്റില്‍ നിന്നാണ് പഠിച്ചത്. എനിക്ക് ഷൂട്ടിംഗ് ഇല്ലെങ്കിലും ലാലേട്ടനും തിലകന്‍ ചേട്ടനുമൊക്കെ അഭിനയിക്കുന്ന സീനുകള്‍ ഞാന്‍ പോയി കാണുമായിരുന്നു. അതെനിക്ക് വലിയ അനുഭവമായി.

അതുപോലെ വളരെ ശാന്തനും സൗമ്യനുമായിരുന്നു ജി അരവിന്ദന്‍ സാര്‍. 'ഒരിടത്ത്' എന്ന ചിത്രത്തില്‍ സിത്താരയായിരുന്നു നായിക. ശ്രീനിയേട്ടനാണ് ആ സിനിമയിലേക്ക് എന്നെ വിളിക്കാന്‍ വന്നത്. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് നേരെ പോയത് ആ ചിത്രത്തിന്റെ സെറ്റിലേക്ക് ആണ്.

ഒരിടത്തിന്റെ സമയത്താണ് നഖക്ഷതങ്ങളുടെ പോസ്റ്ററുകളില്‍ എന്റെ മുഖം വന്നതും ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയതും. ഇവരാരും എന്നോട് ദേഷ്യത്തോടെ പെരുമാറിയിട്ടില്ല. കുട്ടിക്കളി ഒന്നുമില്ലാതെ വളരെ സീരിയസായി അവര്‍ പറയുന്നതനുസരിച്ച് സെറ്റില്‍ പെരുമാറാന്‍ ഞാനും ശ്രമിച്ചിരുന്നു, വിനീത് പറയുന്നു.

Tags:    

Similar News