വിവാഹം വേണ്ട എന്നത് ആലോചിച്ചെടുത്ത തീരുമാനം, കോംപ്രമൈസുകളാണ് കണ്ടത്; ഐശ്വര്യ ലക്ഷ്മി
നടി ഐശ്വര്യ ലക്ഷ്മി വളരെ പെട്ടെന്നാണ് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മായാനദി, വിജയ് സൂപ്പറും പൗർണമിയും, വരത്തൻ എന്നീ മൂന്ന് സിനിമകൾ ഹിറ്റായതോടെ ഐശ്വര്യയെ തേടി വലിയ അവസരങ്ങളെത്തി. തമിഴകത്തേക്കും തെലുങ്കിലേക്കും ഐശ്വര്യ കടന്നു. ഹലോ മമ്മി ആണ് ഐശ്വര്യയുടെ പുതിയ മലയാള സിനിമ.
ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. വിവാഹിതയാകാൻ തനിക്ക് താൽപര്യമില്ലെന്നും ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും ഐശ്വര്യ പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. വീട്ടുകാരുടെ സമ്മർദ്ദം കാരണം ഒരു ഘട്ടത്തിൽ വിവാഹത്തെക്കുറിച്ച് താൻ ആലോചിച്ചിരുന്നെന്നും നടി തുറന്ന് പറഞ്ഞു. എനിക്ക് വിവാഹം ചെയ്യേണ്ടെന്ന് ഞാനെപ്പോഴും പറഞ്ഞിട്ടുണ്ട്. ഞാൻ ആ ഇൻസിസ്റ്റിറ്റ്യൂഷനിൽ വിശ്വസിക്കുന്നില്ല. വെറുതെ പറഞ്ഞതല്ല. ഞാൻ ആലോചിച്ച് എടുത്ത തീരുമാനമാണ്. എട്ടാമത്തെ വയസിലും പത്താമത്തെ വയസിലും 25 വയസിലും എന്നോട് ചോദിച്ചാൽ വിവാഹം എന്റെ സ്വപ്നമായിരുന്നു. ഗുരുവായൂർ അമ്പലത്തിൽ താലി കെട്ടണം, തുളസി മാല വേണം എന്നൊക്കെയുള്ള പ്ലാനുണ്ടായിരുന്നു. അമ്മ ഗുരൂവായൂരപ്പന്റെ ഭക്തയാണ്. എപ്പോഴും ഞങ്ങൾ ഗുരുവായൂരിൽ പോകുമായിരുന്നു. എപ്പോഴും അവിടെ പോകുന്നത് കൊണ്ട് കുട്ടിക്കാലത്ത് എനിക്ക് മടുപ്പ് തോന്നി. വിനോദങ്ങളില്ല.
അവിടെ കണ്ട കല്യാണങ്ങളിൽ നിന്നാണ് എനിക്കാ സ്വപ്നങ്ങൾ വന്നത്. പിന്നീട് വളർന്നപ്പോൾ ചുറ്റുമുള്ള വിവാഹ ബന്ധങ്ങൾ കണ്ടു. ആളുകൾ സന്തോഷത്തിൽ അല്ല. 34 വയസായി. ഈ വർഷത്തിനിടയിൽ എനിക്കറിയാവുന്ന സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബമേയുള്ളൂ. അവർ മലയാളികൾ അല്ല. ബാക്കി എല്ലാവരിലും കോംപ്രമൈസുകളാണ് കണ്ടത്. പേഴ്സണൽ സ്പേസിൽ അവർ വളരുന്നില്ല. എനിക്ക് ബോധവും ബുദ്ധിയും വന്നപ്പോൾ ഇതല്ല എനിക്ക് വേണ്ടതെന്ന് മനസിലാക്കി.