അമരന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

Update: 2024-10-31 07:28 GMT

വീരമൃതു വരിച്ച സൈനികന്‍ മേജര്‍ മുകുന്ദ് വരദരാജന്റെ ധീരതയും അര്‍പ്പണബോധവും അഭ്രപാളികളിലെത്തിച്ച സംവിധായകന്‍ രാജ്കുമാറിനെയും 'അമരന്‍' ടീമിനെയും അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മുതിര്‍ന്ന നടനും സുഹൃത്തുമായ കമല്‍ഹാസന്റെ ക്ഷണപ്രകാരമാണ് താന്‍ സിനിമ കാണാന്‍ എത്തിയതെന്നും സ്റ്റാലിന്‍ പറഞ്ഞു.

ചിത്രത്തില്‍ മേജര്‍ മുകുന്ദ് വരദരാജനായി എത്തിയ ശിവകാര്‍ത്തികയേന്റെയും ഇന്ദു റബേക്കയായി എത്തിയ സായ്പല്ലവിയുടെയും അഭിനയത്തെയും മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു. 'നമുക്കിടയില്‍ മരണമില്ലാത്തവനാണ് മേജര്‍ മുകുന്ദ് വരദരാജന്‍, രാജ്യത്തെ സംരക്ഷിക്കുന്ന സൈനികര്‍ക്ക് ബിഗ് സല്യൂട്ട്' ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പം സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സായി പല്ലവിയുടെ സഹോദരന്റെ വേഷത്തില്‍ ശ്യാം മോഹനും അഭിനയിക്കുന്നുണ്ട്. മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ എത്തുന്നത്. കശ്മീര്‍ ആണ് പ്രധാന ലൊക്കേഷന്‍. സംഗീതം ജിവി പ്രകാശ് കുമാര്‍. ഛായാഗ്രഹണം സിഎച്ച് സായി. പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍.

Tags:    

Similar News