പാമ്പുകൾക്കിടയിലെ അഭിനയ സിംഹങ്ങൾ; ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ചത്തതുപോലെ കിടക്കും, ചോര തുപ്പും
മനുഷ്യർക്കിടയിൽ മാത്രമല്ല പാമ്പുകൾക്കിടയിലുമുണ്ട് മികച്ച അഭിനേതാക്കൾ. പത്തി വിടർത്തിയും, ചീറ്റിയുമൊക്കെ ശത്രുക്കളെ അകറ്റാൻ നോക്കി പരാജയപ്പെടുമ്പോഴെടുക്കുന്ന പത്തൊൻപതാമത്തെ അടവാണ് അഭിനയം. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഇവ ചത്ത പോലെ കിടക്കും. യൂറേഷ്യൻ മേഖലയിൽ കാണപ്പെടുന്ന ഡൈസ് സ്നേക്ക് എന്ന വിഭാഗത്തിൽ പെട്ട പാമ്പുകളാണ് അഭിനയത്തിൽ വിരുതന്മാർ. ചത്ത പോലെ കിടക്കുന്നതിനൊപ്പം, വിസർജിക്കും. കൂടാതെ ഒരു തരം ദുർഗന്ധവും വമിപ്പിക്കും. എന്നിട്ടും ശത്രു സംശയിച്ച് നിൽക്കുന്നത് കണ്ടാൽ അഭിനയത്തിന്റെ ഒർജിനാലിറ്റി കൂട്ടാനായി വായിൽ നിന്ന് ചോര ഒഴുക്കും.
അതോടുകൂടി ഏതൊരു വേട്ടക്കാരായ ജീവിയും സ്ഥലം കാലിയാക്കും. ഇനി മറ്റൊരു അഭിനയ സിംഹം ഈസ്റ്റേൺ ഹോഗ് നോസ്ഡ് എന്ന ഓസ്ട്രേലിയൻ പാമ്പാണ്. മലർന്ന് കിടന്ന് ചത്തതുപോലെ കിടന്ന ശേഷം ഇവ ഛർദ്ദിക്കുകയാണ് ചെയ്യുക. തുടർന്ന് അതിയായ ദുർഗന്ധം കൂടി വമിപ്പിക്കുന്നതോടെ വേട്ടകാരൻ സ്ഥലം വിടും. ഇതൊക്കെ ഓവർ ആക്ടിംങ് അല്ലെ എന്നു തോന്നുമെങ്കലും ജീവിക്കാൻ ഈ അടവൊക്കെ പുറത്തെടുത്തേ തീരു.