കണ്ടാൽ കരിയിലപോലെ, കൺപോളകളില്ലാത്ത, ചുവന്ന വായുള്ള സെയ്റ്റാനിക് ലീഫ് ടെയിൽഡ് ഗെക്കോ

Update: 2024-06-08 12:35 GMT

കണ്ടാൽ കരിയില പോലിരിക്കുന്ന ഒരു പല്ലി. ആഫ്രിക്കയിലെ മഡഗാസ്കറിൽ മാത്രമുള്ള സെയ്റ്റാനിക് ലീഫ് ടെയിൽഡ് ഗെക്കോ എന്ന ഈ പല്ലിയുടെ വാലിന് കരിയിലയുടെ ആകൃതിയാണ്. ഇവയുടെ തലയിലും ശരീരത്തിലും മുള്ളുകൾ പോലുള്ള ഘടനകളുണ്ട്. ഒപ്പം ഇതിന്റെ ചുവന്ന വായും കണ്ണുമൊക്കെ ഇതിനൊരു പൈശാചിക രൂപം കൊടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഇവയ്ക്ക് സെയ്റ്റാനിക് ലീഫ് ടെയിൽഡ് ഗെക്കോ എന്ന പേര് വന്നത്. ഇവയെ പിടിക്കാൻ വരുന്ന ജീവികളെ ഇവ വായതുറന്ന് പേടിപ്പിക്കാറുണ്ട്. യൂറോപ്ലാറ്റസ് ഫന്റാസ്റ്റിക്കസ് എന്നു ശാസ്ത്രനാമമുള്ള ഈ പല്ലി മഡഗാസ്കറിന്റെ വടക്കും മധ്യത്തിലുമായി സ്ഥിതി ചെയ്യുന്ന ഉഷ്ണവനങ്ങളിലാണ് കാണപ്പെടുന്നത്. കീടങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം.

Full View

കരുത്തുറ്റ നഖങ്ങളും പറ്റിച്ചേർന്നു നീങ്ങാനുള്ള കഴിവും മരങ്ങളിലൂടെയുള്ള ഇവയുടെ സഞ്ചാരം സുഗമമാക്കും. ഇവയ്ക്ക് കൺപോളകളില്ല. കണ്ണിൽ പറ്റുന്ന പൊടിപടലങ്ങളും കരടുകളുമൊക്കെ തന്റെ നീണ്ട നാക്കുകൊണ്ടാണ് ഇവ മാറ്റി വൃത്തിയാക്കുന്നത്. 90 മില്ലിമീറ്റർ വരെയാണ് ഇവയുടെ നീളം. 1888ൽ ജോർജ് ആൽബർട് ബൗളിഞ്ജർ എന്ന സസ്യശാസ്ത്രജ്ഞനാണ് ഈ പല്ലികളെപ്പറ്റി ആദ്യമായി വിശദീകരിക്കുന്നത്.

Tags:    

Similar News