ഇന്ത്യൻ നിരൂപകയും എഴുത്തുകാരിയും ഡോക്യുമെന്ററി നിർമാതാവുമായ അരുണ വാസുദേവ് അന്തരിച്ചു. 88 വയസായിരുന്നു. ഏഷ്യൻ സിനിമകളുടെ മാതാവ് എന്നറിയപ്പെട്ടിരുന്നു. അരുണയുടെ പിതാവിന് ന്യൂയോർക്കിൽ ജോലിയായിരുന്നു. അവിടത്തെ ഫിലിം ക്ലാസുകളിൽ നിത്യ സന്ദർശകയായിരുന്നു അവർ. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം നിരവധി ഹ്രസ്വ ഡോക്യുമെന്ററികൾ അരുണ നിർമിച്ചു. പാരീസ് സർവകലാശാലയിൽ നിന്ന് സിനിമയിലും സെൻസർഷിപ്പിലും അവർ ഡോക്ടറേറ്റ് നേടി. തീസീസ് 'ലിബർട്ടി എൻഡ് ലൈസൻസ് ഇൻ ദ ഇന്ത്യൻ സിനിമ' എന്ന പേരിൽ 1979ലാണ് പ്രസിദ്ധീകരിച്ചത്.
ഏഷ്യൻ സിനിമകളെ പ്രചരിപ്പിക്കുന്നതിൽ അവർ നിർണ്ണായക പങ്കു വഹിച്ചു. അങ്ങനെയാണ് അരുണ മദർ ഓഫ് ഏഷ്യൻ സിനിമ എന്നറിയപ്പെടാൻ തുടങ്ങിയത്. പരേതനായ സുനിൽ കുമാർ റോയി ചൗധരിയാണ് ഭർത്താവ്. അദ്ദേഹം ഇന്ത്യൻ നയതന്ത്രജ്ഞനായിരുന്നു. മകൾ യാമിനി റോയ് ചൗധരി. മരുമകൻ വരുൺ ഗാന്ധി.