പേടിയുള്ള ആളാണ് താന്‍; ജനക്കൂട്ടത്തെ കാണുമ്പോള്‍ ഉത്കണ്ഠ കൂടും: തുറന്നുപറഞ്ഞ് സായ് പല്ലവി

Update: 2024-10-31 09:22 GMT

സഭാ കമ്പത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി സായ് പല്ലവി. ജനക്കൂട്ടം ചുറ്റിലുമുണ്ടാവുമ്പോള്‍ ഉത്കണ്ഠ കൂടും. ആളുകള്‍ പ്രശംസിക്കുമ്പോഴും സമാനമായ മാനസികാവസ്ഥയാണ് തനിക്കുണ്ടാവാറുള്ളതെന്ന് സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ തുറന്നുപറച്ചില്‍.

പേടിയുള്ള ആളാണ് താന്‍. മുന്നില്‍ കുറേ ആളുകളെ കാണുമ്പോള്‍ ടെന്‍ഷന്‍ കൂടും. അത് ഷൂട്ടിങ് സെറ്റിലായാലും അങ്ങനെ തന്നെ. ജനക്കൂട്ടം ചുറ്റിലുമുണ്ടാവുമ്പോള്‍ ഉത്കണ്ഠ കൂടും. അതിപ്പോള്‍ ആളുകള്‍ പ്രശംസിക്കുമ്പോഴും അങ്ങനെ തന്നെയാണ്. അവര്‍ എന്നെ പ്രശംസിക്കുമ്പോള്‍ ഞാന്‍ ഉള്ളില്‍ വണ്‍, ടൂ, ത്രീ എന്നിങ്ങനെ എണ്ണിക്കൊണ്ടിരിക്കുകയായിരിക്കും.- സായ് പല്ലവി പറഞ്ഞു.

പ്രേമം പുറത്തിറങ്ങി പത്ത് വര്‍ഷം കഴിഞ്ഞിട്ടും മലയാളി പ്രേക്ഷകര്‍ തന്നെ ഇപ്പോഴും മലര്‍ എന്നാണ് വിളിക്കുന്നതെന്നും സായ് പല്ലവി പറഞ്ഞു. 'ഇപ്പോഴും കേരളത്തില്‍ വരുമ്പോള്‍ ആളുകള്‍ എന്നെ മലര്‍ എന്നാണ് വിളിക്കുന്നത്. ആളുകളുടെ സ്‌നേഹം ഇപ്പോഴും അതുപോലെ തുടരുകയാണ്. ചെയ്ത സിനിമകളിലെ ഏറ്റവും ഇഷ്ടമുള്ളത് മലരേ എന്ന പാട്ടാണ്. കാറില്‍ പോകുമ്പോഴാണ് ആദ്യമായി ആ പാട്ട് കേള്‍ക്കുന്നത്. ആദ്യത്തെ രണ്ട് ലൈന്‍ കേട്ടപ്പോള്‍ അത് ആ ക്യാരക്ടറിനുള്ള പാട്ടായിരിക്കണേ എന്ന് ആഗ്രഹിച്ചിരുന്നു. പിന്നീടാണ് മലരേ.. എന്ന ലൈന്‍ തുടങ്ങുന്നത്. അത് കേട്ടപ്പോള്‍ ആകെ സര്‍പ്രൈസ് ആയി. അത് മലരിനെ കുറിച്ചുള്ള പാട്ടായത് കൊണ്ടല്ല, എന്റെ ക്യാരക്ടറിനുള്ള പാട്ടിയിരുന്നില്ലെങ്കിലും അതിനോട് എനിക്ക് അത്രയും ഇഷ്ടമുണ്ട്. പ്രേമം സിനിമ എനിക്ക് പുതിയ യാത്രയുടെ തുടക്കമാണ്.

ഒരു അഭിനേതാവെന്ന നിലയ്ക്ക് താന്‍ സ്വയം വിലയിരുത്തുന്ന ഗുണങ്ങള്‍, നല്ല അച്ചടക്കവും ആത്മാര്‍ഥതയും പാഷനോടു കൂടി ജോലി ചെയ്യാനുള്ള മനസ്സുമുണ്ടെന്നതാണ്. ചുറ്റുള്ളതൊന്നും ഇപ്പോള്‍ അനുഭവിക്കുന്നതൊന്നും സ്ഥിരമായിട്ടുള്ളതല്ല എന്ന് എനിക്കറിയാം. എല്ലാവര്‍ക്കും അത്തരമൊരു ഘട്ടവും സമയവും ജീവിതത്തിലുണ്ടാവും. നല്ല സിനിമകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. കൂടുതല്‍ കഴിവുള്ളയാള്‍ മുന്നോട്ടുവരുമ്പോള്‍ മാറി നില്‍ക്കേണ്ടി വരുമെന്ന് എനിക്കറിയാം. അതുമനസ്സിലുള്ളത് കൊണ്ട് കിട്ടുന്ന അവസരങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിച്ച് മുന്നോട്ടുപോവുകയാണ്.ബോളിവുഡിലും ഇപ്പോള്‍ ഒരു പ്രോജക്ട് ചെയ്യുന്നുണ്ട്. സീത എന്നാണ് പേര്. രണ്‍ബീറിനൊപ്പമാണ് ചിത്രം ചെയ്യുന്നത്

മേക്കപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ ഇപ്പോഴും മേക്കപ്പ് ചെയ്യാറില്ലെന്നാണ് സായ് പല്ലവി പറഞ്ഞത്. ക്യാരക്ടറിന് വേണ്ടി മാത്രം മിനിമല്‍ മേക്കപ്പിട്ടിരുന്നു. ഈ അഭിമുഖത്തിന് വേണ്ടിയും ഐലൈനര്‍ മാത്രമാണ് ഇട്ടിരിക്കുന്നത്- സായ് പല്ലവി പറഞ്ഞു.

Tags:    

Similar News