'അച്ചടക്കവും കഴിവും കഠിനാധ്വാനവും കൊണ്ടാണ് വിജയ് ഉയരങ്ങളിലെത്തിയത്'; രജനികാന്ത്

Update: 2024-01-27 12:08 GMT

നടൻ വിജയ്നോട് മത്സരമില്ലെന്ന് രജനികാന്ത്. വിജയ് തന്റെ കൺമുന്നിൽ വളർന്നവനാണെന്നും താൻ പറഞ്ഞ കാക്കയുടെയും കഴുകൻ്റെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും താരം പറഞ്ഞു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽസലാം എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിലായിരുന്നു രജനികാന്തിന്റെ വെളിപ്പെടുത്തൽ.

'കാക്കയുടെയും കഴുകൻ്റെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടു. വിജയ്‌യെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞ് പലരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇത് നിരാശാജനകമാണ്. വിജയ് എൻ്റെ കൺമുന്നിലാണ് വളർന്നത്. 'ധർമ്മത്തിൻ തലൈവൻ' എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ 13 വയസ്സുണ്ടായിരുന്ന വിജയ്‌യെ എസ്. എ ചന്ദ്രശേഖർ എന്നെ പരിചയപ്പെടുത്തി. മകന് അഭിനയത്തിൽ താൽപ്പര്യമുണ്ടെന്നും എന്നാൽ വിജയ്നോട് ആദ്യം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറയണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഞാൻ അവനെ ഉപദേശിച്ചു.

വിജയ് പിന്നീട് ഒരു നടനായി, അച്ചടക്കവും കഠിനാധ്വാനവും കഴിവും കൊണ്ടാണ് വിജയ് ഇപ്പോൾ ഉയരങ്ങളിൽ എത്തി നിൽക്കുന്നത്. അദ്ദേഹം അടുത്തത് രാഷ്ട്രീയത്തിലേക്ക് പോകുകയാണ്. ഞങ്ങൾക്കിടയിൽ മത്സരമുണ്ടെന്ന് കേൾക്കുന്നു. ഞങ്ങൾ പരസ്പരം മത്സരിക്കുന്നവരാണെന്ന് പറയുന്നത് അനാദരവാണ്. ഞങ്ങളെ തമ്മിൽ താരതമ്യപ്പെടുത്തരുതെന്ന് ഞങ്ങളുടെ ആരാധകരോട് ഞാൻ അഭ്യർഥിക്കുന്നു', രജനികാന്ത് പറഞ്ഞു.

കഴിഞ്ഞ കുറച്ചുകാലമായി തമിഴ്സിനിമാലോകത്ത് രജനികാന്ത്- വിജയ് ആരാധകർ തമ്മിലുള്ള തർക്കം പതിവായിരുന്നു. വിജയ് ചിത്രം 'വാരിസി'ന്റെ ഓഡിയോ ലോഞ്ചിനിടെ നടൻ ശരത് കുമാർ പറഞ്ഞ വാക്കുകളാണ് 'സൂപ്പർസ്റ്റാർ' വിവാദത്തിന് തുടക്കമിട്ടത്. വിജയ് ഒരിക്കൽ ഒരു സൂപ്പർസ്റ്റാർ ആകുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും അത് സംഭവിച്ചുവെന്നുമായിരുന്നു ശരത് കുമാർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിജയ്ക്കും സൂപ്പർസ്റ്റാർ പദവി നൽകണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയത്.

പിന്നാലെ കാക്കയുടെയും കഴുകൻ്റെയും കഥ രജനികാന്ത് പറഞ്ഞതോടെ ചേരിതിരിഞ്ഞ് ആരാധകർ സോഷ്യൽ മീഡിയയിൽ തർക്കത്തിലേർപ്പെട്ടു. ലിയോ സക്സസ് മീറ്റിൽ വിജയ് നടത്തിയ പ്രസം​ഗവും ചർച്ചയായി. ഒരേയൊരു സൂപ്പർസ്റ്റാർ രജനികാന്ത് ആണെന്നും വിജയ് പറഞ്ഞു. ഇതിനിടെയാണ് രജനികാന്ത് വിഷയത്തിൽ പരസ്യപ്രതികരണം നടത്തുന്നത്.

Tags:    

Similar News