'ഹിന്ദി സിനിമ കാണുന്നത് ഞാന്‍ നിര്‍ത്തി': കാരണം വ്യക്തമാക്കി നസിറുദ്ദീൻ ഷാ

Update: 2024-02-19 09:19 GMT

ഹിന്ദി സിനിമകള്‍ സംബന്ധിച്ച് തന്‍റെ നിരാശ തുറന്ന് പ്രകടിപ്പിച്ച് മുതിര്‍ന്ന നടന്‍ നസിറുദ്ദീൻ ഷാ. ഒരു പ്രമോഷന്‍ അഭിമുഖത്തിലാണ്  നസിറുദ്ദീൻ ഷായുടെ അഭിപ്രായ പ്രകടനം.  പണം സമ്പാദിക്കാനുള്ള ഉദ്ദേശ്യമില്ലാതെ ചലച്ചിത്ര പ്രവർത്തകർ സിനിമകൾ ചെയ്താൽ മാത്രമേ ഹിന്ദി സിനിമ മെച്ചപ്പെടുകയുള്ളൂവെന്നും. കഴിഞ്ഞ നൂറ്റാണ്ട് മുതൽ ബോളിവുഡ് സിനിമാ പ്രവർത്തകർ ഒരേ തരത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നുണ്ടെന്ന് നസിറുദ്ദീൻ ഷാ അഭിപ്രായപ്പെട്ടുവെന്നാണ് പിടിഐ പറയുന്നത്. 

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഷോ ടൈം എന്ന സീരിസിലാണ് നസിറുദ്ദീൻ ഷായുടെ അടുത്ത പ്രൊജക്ട് ഇതിന്‍റെ പ്രമോഷനിടെയാണ് ഇദ്ദേഹത്തിന്‍റെ ബോളിവുഡ് സംബന്ധിച്ച പരാമര്‍ശങ്ങള്‍.  താന്‍ ഹിന്ദി സിനിമകള്‍ കാണുന്നത് നിര്‍ത്തിയെന്നും. 100 വര്‍ഷം പഴക്കമുള്ള ഹിന്ദി സിനിമ രംഗത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നവര്‍ ഉണ്ടാക്കി വിടുന്ന ചിത്രങ്ങള്‍ തീര്‍ത്തും നിരാശജനകമാണെന്ന് നസിറുദ്ദീൻ ഷാ പറഞ്ഞു. 

ഹിന്ദിസിനിമയിലെ ഉള്ളടക്ക രാഹിത്യത്തെ ചോദ്യം  ചെയ്ത  നസിറുദ്ദീൻ ഷാ അധികം വൈകാതെ പ്രേക്ഷകരും ഒരുപോലെയുള്ള ഇത്തരം ചിത്രങ്ങളെ കൈവിടും എന്നും അഭിപ്രായപ്പെട്ടു. പണം ഉണ്ടാക്കണം എന്ന ചിന്ത വിട്ട് നല്ല സിനിമ നിര്‍മ്മിക്കണം എന്ന ബോധം ഫിലിംമേക്കേര്‍സിന് വന്നാല്‍ മാത്രമേ നിലവാര തകര്‍ച്ചയ്ക്ക് ഒരു പരിഹാരം ഉണ്ടാകൂ എന്നും നസിറുദ്ദീൻ ഷാ പറഞ്ഞു. 

“ഹിന്ദി സിനിമയെ പണം സമ്പാദിക്കാനുള്ള മാർഗമായി കാണുന്നത് നിർത്തിയാൽ മാത്രമേ ഹിന്ദി ചലച്ചിത്ര മേഖലയില്‍ ഇനി പ്രതീക്ഷയുള്ളൂ. പക്ഷേ ഇപ്പോൾ വളരെ വൈകിപ്പോയെന്ന് എനിക്ക് തോന്നുന്നത്. ഇനി ഒരു പരിഹാരവുമില്ല, കാരണം ഇത്തരം സിനിമകൾ നിർമ്മിക്കപ്പെട്ടുകൊണ്ടേയിരിക്കും, ആളുകൾ അത് എപ്പോൾ വരെ കാണ്ടുകൊണ്ടിരിക്കും എന്ന് ദൈവത്തിനറിയാം. അതിനാൽ ഗൗരവമുള്ള സിനിമകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ  ഇന്നത്തെ യാഥാർത്ഥ്യം കാണിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ഫത്‌വ ലഭിക്കാത്ത വിധത്തിൽ അല്ലെങ്കിൽ ഇഡി വാതിലിൽ മുട്ടില്ലെന്ന് ഉറപ്പ് വരുത്തി അത് ചെയ്യാനും സാധിക്കണം" ഷാ പറഞ്ഞു.

2023-ൽ, കുത്തേ, താജ്: ഡിവൈഡഡ് ബൈ ബ്ലഡ്, സാസ് ബഹു ഔർ ഫ്ലമിംഗോ എന്നീ പ്രൊജക്ടുകളിലാണ് നസീറുദ്ദീൻ ഷാ പ്രത്യക്ഷപ്പെട്ടത്. ഈ വർഷം, ഷോടൈം എന്ന വെബ് ഷോയിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. 

Tags:    

Similar News