സാമന്ത-നാഗചൈതന്യ വിവാഹമോചനം; മാപ്പ് പറയണം, സുരേഖയ്ക്കെതിരെ വക്കീൽ നോട്ടിസ് അയച്ച് കെടിആർ

Update: 2024-10-03 06:51 GMT

സമാന്ത - നാഗചൈതന്യ വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന വനിതാ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമർശത്തിൽ തെലുങ്ക് സിനിമാ, രാഷ്ട്രീയ രംഗത്ത് വൻ പ്രതിഷേധം. നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം ബിആർഎസ് നേതാവ് കെ.ടി. രാമറാവു (കെടിആർ) ആണെന്നായിരുന്നു കൊണ്ട സുരേഖയുടെ പ്രസ്താവന. സുരേഖയുടെ പരാമർശത്തെ എതിർത്ത് സമാന്തയും നാഗചൈതന്യയും ബിആർഎസും നാഗചൈതന്യയുടെ പിതാവ് നാഗാർജുനയും രംഗത്തെത്തിയിരുന്നു.

സുരേഖയ്‌ക്കെതിരെ കെടിആർ മാനനഷ്ടത്തിന് വക്കീൽ നോട്ടിസ് അയച്ചു. പരാമർശത്തിന് 24 മണിക്കൂറിനകം മാപ്പു പറയണമെന്നും ഇല്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമ നടപടികളിലേക്കു കടക്കുമെന്നും കെടിആർ അറിയിച്ചു.

സുരേഖ പറഞ്ഞത്

'ലഹരിമരുന്ന് മാഫിയയാണ് കെടിആർ, സിനിമാ ഇൻഡസ്ട്രിയിലെ പലർക്കും അദ്ദേഹം ലഹരിമരുന്ന് എത്തിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാൻ കഴിയാതെ പല നടിമാരും അഭിനയം നിർത്തി പോയി. കെടിആർ വീട്ടിൽ ലഹരിപാർട്ടികൾ നടത്തുമായിരുന്നു. ഇതിലേക്ക് സമാന്തയെ അയയ്ക്കാൻ നാഗാർജുനയോടു പറഞ്ഞു. ഇല്ലെങ്കിൽ നാഗാർജുനയുടെ എൻ കൺവൻഷൻ സെന്റർ പൊളിക്കുന്നതുമായി മുന്നോട്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. നാഗാർജുന നാഗചൈതന്യയോട് സമാന്തയെ കെടിആറിന്റെ വീട്ടിലേക്കു വിടാൻ പറഞ്ഞു. ഇതിനു സമാന്ത വിസമ്മതിച്ചു. ഇതാണു വിവാഹമോചനത്തിലെത്താൻ കാരണം'

രാഷ്ട്രീയലാഭങ്ങൾക്കുവേണ്ടു തന്നെ കരുവാക്കരുതെന്നു കൊണ്ട സുരേഖയോടു സമാന്ത പറഞ്ഞു. ''വേർപിരിയൽ തീർത്തും വ്യക്തിപരമാണ്. അതിൽ അനാവശ്യ വായനകൾ നടത്തരുത്. പരസ്പര സമ്മതത്തോടെ വ്യക്തിപരമായ കാരണങ്ങളാലാണു വേർപിരിഞ്ഞത്. അതിൽ രാഷ്ട്രീയമില്ല. സ്ത്രീകളെ വസ്തുക്കൾ മാത്രമായി കാണുന്ന സിനിമയിൽ പോരാടി ജീവിക്കുകയാണ്. അങ്ങനെയുള്ള തന്റെ ജീവിതത്തെ ചെറുതാക്കിക്കളയരുത്. മന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്തം കാണിക്കണം' അവർ പ്രതികരിച്ചു.

ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തുനിന്ന് ഇത്തരമൊരു പരമാർശം നടത്തിയത് വളരെ മോശമാണെന്നും പറഞ്ഞത് തീർത്തും വാസ്തവവിരുദ്ധമാണെന്നും നാഗാർജുന പ്രതികരിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിഷയത്തിൽ നാഗചൈതന്യയുടെ പ്രതികരണം.

'വിവാഹമോചനം എന്ന തീരുമാനം ഒട്ടും എളുപ്പമായ ഒന്നല്ല, വളരെയധികം വേദന നിറഞ്ഞ നിർഭാഗ്യകരമായ ഒന്നാണ്. ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കുമൊടുവിൽ ഞാനും എന്റെ മുൻ ഭാര്യയും ചേർന്നെടുത്ത തീരുമാനമാണത്. ഞങ്ങളുടെ വ്യത്യസ്തമായ ജീവിത ലക്ഷ്യങ്ങൾക്കും സമാധാനത്തിനും അതായിരുന്നു ശരി എന്ന തീരുമാത്തിൽ രണ്ടു പ്രായപൂർത്തിയായ ആളുകൾ എടുത്ത തീരുമാനം. എന്നിരുന്നാലും അതിന്റെ പേരിൽ ഒരുപാട് കിംവദന്തികളും വാസ്തവവിരുദ്ധമായ കാര്യങ്ങളും പ്രചരിച്ചു. എന്നിട്ടും എന്റെ മുൻ ഭാര്യയുടെയും എന്റെ കുടുംബത്തെയും ബഹുമാനിക്കുന്നതു കൊണ്ടാണ് ഇതുവരെ അതിനോടൊന്നും പ്രതികരിക്കാതിരുന്നത്.

എന്നാൽ ഇപ്പോൾ മന്ത്രി നടത്തിയ പരമാർശം വാസ്തവവിരുദ്ധമാണ് എന്നു മാത്രമല്ല, അങ്ങേയറ്റം ആക്ഷേപകരം കൂടെയാണ്. സ്ത്രീകൾ ബഹുമാനവും പിന്തുണയും അർഹിക്കുന്നവരാണ്. മാധ്യമശ്രദ്ധയ്ക്കു വേണ്ടി സെലിബ്രിറ്റികളുടെ വ്യക്തിജീവിതത്തെ കുറിച്ച് എന്തും പറയാം എന്ന നിലയിലേക്കു തരംതാഴുന്നത് അങ്ങേയറ്റം നാണക്കേടുള്ള കാര്യമാണ്' നാഗചൈതന്യ കുറിച്ചു.

സുരേഖയുടെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതവും വ്യാജവുമാണെന്നു വ്യക്തമാക്കി നാഗചൈതന്യയുടെ പിതാവും തെലുങ്ക് സൂപ്പർതാരവുമായ നാഗാർജുന അക്കിനേനി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിൽനിന്ന് അകന്നുനിൽക്കുന്ന സിനിമാതാരങ്ങളുടെ പേരുൾപ്പെടുത്തി എതിരാളികളെ വിമർശിക്കരുതെന്നും മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണമെന്നും നാഗാർജുന എക്‌സ് പ്ലാറ്റ്‌ഫോമിലെഴുതിയ കുറിപ്പിൽ പറയുന്നു. നാഗാർജുനയുടെ ഭാര്യ അമല അക്കിനേനിയും സമൂഹമാധ്യമത്തിലൂടെ സുരേഖയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടണമെന്നും സുരേഖയെക്കൊണ്ട് മാപ്പു പറയിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Tags:    

Similar News