ആർഎൽവിയുടെ മൂന്ന് പരീക്ഷണങ്ങളും വിജയിച്ചതോടെ അടുത്ത ഘട്ടമായ ഓർബിറ്റൽ റീ എൻട്രി വെഹിക്കിളിൾ അല്ലെങ്കിൽ ഒആർവിയുടെ നിർമാണത്തിലേക്ക് കടക്കുകയാണ് ഐഎസ്ആർഒ. ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്ന വാഹനത്തെ അവിടത്തെ ആവശ്യം കഴിഞ്ഞു സുരക്ഷിതമായി ഭൂമിയിലെ റൺവേയിൽ തിരിച്ചിറക്കുകയാണ് ഇതിന്റെ ലക്ഷ്യം. ആർഎൽവി പരീക്ഷണം വാഹനത്തേക്കാൾ 1.6 മടങ്ങ് വലുപ്പമുണ്ടാകും ഒആർവി ക്ക്. 2 വർഷത്തിനുള്ളിൽ പരീക്ഷണം നടക്കും എന്നാണ് ഐഎസ്ആർഓ അറിയിച്ചിരിക്കുന്നത്. പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ച് ഒആർവിയെ ഭൂമിയിൽനിന്ന് 400 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭൗമ ഭ്രമണപഥത്തിൽ എത്തിക്കും.
കാലാവധിക്കു ശേഷം പ്രൊപ്പൽഷൻ എൻജിൻ ഉപയോഗിച്ച് ഈ വാഹനത്തെ ഭ്രമണപഥത്തിൽനിന്നു പുറത്തിറക്കി ഭൂമിയിലേക്കു തിരികെ കൊണ്ടു വരും. ഭൂമിയുടെ അന്തരീക്ഷത്തോട് അടുക്കുമ്പോൾ ആർഎൽവിയുടെ മാതൃകയിൽ സുരക്ഷിതമായി റൺവേയിലേക്ക് എത്തിച്ചു ലാൻഡ് ചെയ്യിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ജൂൺ 23നാണ് ആർഎൽവിയുടെ മൂന്നാം ലാൻഡിംഗ് പരീക്ഷണമാണ് വിജയിച്ചത്. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് പുഷ്പക് എന്ന് പേരിട്ട ആർഎൽവി പേടകത്തെ നാലരക്കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്കിട്ടുകൊണ്ടായിരുന്നു പരീക്ഷണം. സ്വയം ദിശയും വേഗവും നിയന്ത്രിച്ച് പേടകം റൺവേയിൽ തിരിച്ചിറങ്ങുകയായിരുന്നു.