ചന്ദ്രയാൻ-3 നിന്നുള്ള ഇതുവരെ കാണാത്ത ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആര്‍ഒ; കൂടുതൽ ചിത്രങ്ങളും വിവരങ്ങളും നാളെ
ചന്ദ്രയാൻ-3ല്‍ നിന്നുള്ള ഇതുവരെ കാണാത്ത ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. റോവറിൽ നിന്നും ലാൻഡറിൽ നിന്നുമുള്ള ഇതുവരെ കാണാത്ത ദൃശ്യങ്ങളാണിവ. ചന്ദ്രോപരിതലത്തിൽ റോവർ കടന്നുപോയപ്പോഴുണ്ടായ അടയാളങ്ങൾ വ്യക്തമായി കാണിക്കുന്നതാണ് ചിത്രങ്ങൾ. എന്നാൽ തീർന്നില്ല കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും ദേശീയ ബഹിരാകാശ ദിനമായ ഓഗസ്റ്റ് 23ന് അതായത് നാളെ പുറത്തുവിടാനിരിക്കുകയാണ് ഇസ്രോ.
ഐഎസ്ആര്‍ഒയുടെ മൂന്നാം ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാൻ-3. ഇസ്രൊ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് 2023 ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ-3 ഓഗസ്റ്റ് 23ന് വിജയകരമായി സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയായിരുന്നു. ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങിയിട്ട് നാളേക്ക് ഒരു വർഷം തികയുകയാണ്. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ എറ്റവും വലിയ സാങ്കേതിക നേട്ടത്തിന്‍റെ വാർഷികം ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കാൻ പോകുകയാണ് രാജ്യം.