എന്നെയും ജ്യേഷ്ഠനെയും അടുത്തിരുത്തി അമ്മ പാടിത്തന്ന പാട്ടുകേട്ടാണു ഞങ്ങള്‍ വളര്‍ന്നത്: മോഹന്‍ലാല്‍

Update: 2024-01-04 12:31 GMT

മലൈക്കോട്ട വാലിബനാണ് മോഹന്‍ലാലിന്റെ പുതിയ റിലീസ്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നേര് ഹിറ്റ് ആയി തിയറ്ററുകള്‍ കീഴടക്കുകയാണ്. നടന്‍ മാത്രമല്ല, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ താരവും മോഹന്‍ലാലാണ്.

തന്റെ സംഗീത താത്പര്യത്തെക്കുറിച്ചും പാടിയ പാട്ടുകളെക്കുറിച്ചും മോഹന്‍ലാല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് യേശുദാസിനെപ്പോലെ ആകാന്‍ കൊതിച്ച നാളുകളുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ വാക്കുകള്‍-

യേശുദാസിനെപ്പോലെ പാടണമെന്നു കുട്ടിക്കാലത്ത് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു.എന്റെ അമ്മ നന്നായി പാടുമായിരുന്നു. ശാസ്ത്രീയ സംഗീതം അമ്മ ഏറെനാള്‍ അഭ്യസിച്ചിട്ടുമുണ്ട്. വീട്ടില്‍ ഭാഗവതരെ നിര്‍ത്തി പഠിപ്പിക്കുകയായിരുന്നു. ശ്വാസസംബന്ധമായ ചില പ്രശ്‌നങ്ങള്‍ കാരണം ആ പഠനം പൂര്‍ത്തിയായില്ല. റേഡിയോയില്‍ അമ്മ സ്ഥിരമായി പാട്ടു കേള്‍ക്കുമായിരുന്നു. അതിനൊപ്പം പാടും. എന്നെയും ജ്യേഷ്ഠനെയും അടുത്തിരുത്തി അമ്മ പാടിത്തരുന്ന പാട്ടുകേട്ടാണു ഞങ്ങള്‍ വളര്‍ന്നത്.

ജ്യേഷ്ഠനും പാട്ടിനോടു വലിയ കമ്പമായിരുന്നു. ബാലമുരളീകൃഷ്ണയുടെ വലിയ ഫാനായിരുന്ന ജ്യേഷ്ഠന്‍ ക്ലാസിക്കല്‍ മ്യൂസിക്കിനോടായിരുന്നു ഏറെ താത്പര്യം. ജോലിത്തിരക്കുകള്‍ക്കിടയിലും അച്ഛനും സംഗീതത്തോടു താത്പര്യം സൂക്ഷിക്കാന്‍ മറന്നിരുന്നില്ല. എനിക്കു തോന്നുന്നത് അമ്മയിലുള്ള ആ സംഗീതവാസന തന്നെയാകണം നൂറു ശതമാനവും അറിഞ്ഞോ അറിയാതെയോ എന്നിലേക്കു പകര്‍ന്നുകിട്ടിയിട്ടുണ്ടാകുക.

സ്‌കൂള്‍, കോളേജ് പഠനകാലത്തു പാട്ടു മത്സരങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്തു ഞാന്‍ പാടുമായിരുന്നു. പാട്ടിനോടു താത്പര്യമുള്ള ചില സൗഹൃദങ്ങള്‍ എനിക്കു ചുറ്റുമുണ്ടായിരുന്നു. ആ സൗഹൃദങ്ങളിലൂടെ സംഘഗാനത്തിലൊക്കെ ഞാനും പങ്കുചേര്‍ന്നു.

'ജൂലി' യിലെ 'ദില്‍ ക്യാ കരേ ജബ് കിസീസെ' എന്ന ഹിറ്റ്ഗാനം കോളേജില്‍ ഞാന്‍ പാടിയതു മറക്കാനാകില്ല. അതുപോലെ ആകാശവാണിയില്‍ പാടിയതും. എത്ര പഠിച്ചിട്ടും ഒരു പാട്ടു പോലും പാടാനാകാത്തവര്‍ നിരവധിയുള്ളപ്പോള്‍ പാട്ടുപഠിക്കാത്ത ഞാന്‍ എത്രയോ പാട്ടുകള്‍ പാടിയിരിക്കുന്നു. അതും വലിയ സന്തോഷമുള്ള കാര്യമല്ലേ- മോഹന്‍ലാല്‍ പറഞ്ഞു.

Tags:    

Similar News