സിനിമാ നിരൂപണം എന്ന പേരില്‍ വ്യക്തിഹത്യ ചെയ്യുന്നതിനോട് യോജിപ്പില്ല; ടൊവിനോ തോമസ്

Update: 2023-11-15 08:22 GMT

നടീനടന്മാരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും സിനിമ നിരൂപണം എന്ന പേരില്‍ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ വിമർശനവുമായി നടൻ ടൊവിനോ തോമസ്. നിരൂപണം സത്യസന്ധമായി നടത്തുന്നവര്‍ വലിയ ഊര്‍ജം പകരുന്നുണ്ടെന്നും മോശമായത് ‘മോശമായി’ എന്നു പറയുമ്പോള്‍ അത് സ്വയം മെച്ചപ്പെടുത്താനുള്ള അവസരം കൂടിയാണ് നല്‍കുന്നത്. എന്നാൽ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ലെന്ന് തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായ വാര്‍ത്താസമ്മേളനത്തിൽ ടോവിനോ പറഞ്ഞു.

താരത്തിന്റെ വാക്കുകൾ 

‘സിനിമയെപ്പറ്റി അഭിപ്രായങ്ങള്‍ പറയുന്നതും പറയാതിരിക്കുന്നതും ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. പക്ഷേ നിരൂപണം എന്ന പേരില്‍ വ്യക്തിഹത്യ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാൻ അത് പറഞ്ഞു എന്ന് കരുതി ഇനിയൊരിക്കലും ഇവിടെ വ്യക്തിഹത്യകള്‍ നടക്കാതിരിക്കുകയുമില്ല. അത് ചെയ്യുന്നവര്‍ ഇനിയും ചെയ്യും. അതിലൂടെ അവര്‍ക്ക് എന്തെങ്കിലും കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെ എന്നാണ് ഞാൻ കരുതുന്നത്. ഞാന്‍ എനിക്കു വേണ്ടിയല്ല സംസാരിക്കുന്നത്, ഇത്തരം ചില വ്യക്തിഹത്യകള്‍ കാരണം ജീവിതത്തില്‍ വലിയ വിഷമങ്ങള്‍ ഉണ്ടായിട്ടുള്ള പലരെയും എനിക്കറിയാം.

‘സിനിമ ചെയ്യുക’ എന്നത് വലിയൊരു ക്രൈം ഒന്നുമല്ലല്ലോ. അതിന് ഇങ്ങനെ വ്യക്തിഹത്യ ചെയ്യാൻ മാത്രം എന്താണുള്ളത്? അതിനെക്കാള്‍ ചോദ്യം ചെയ്യപ്പെടേണ്ട വളരെ പ്രാധാന്യമുളള ഒരുപാട് വിഷയങ്ങള്‍ ദിവസേന നമുക്കുചുറ്റും നടക്കുന്നുണ്ട്. അതിനാവണം നമ്മള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത്. അതിനുവേണ്ടിത്തന്നെയാവണം കൂടുതല്‍ ശബ്ദം ഉയര്‍ത്തേണ്ടതും. നമുക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ വേദി കിട്ടുമ്പോള്‍, അത്തരം കാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്ത് മുന്നേറാൻ ശ്രമിക്കണം’-ടൊവിനോ തോമസ് പറഞ്ഞു.

Tags:    

Similar News