ഷാരൂഖ് ഖാന്‍ നായകനായ 'പഠാന്' ശേഷം സിദ്ധാര്‍ഥ് ഒരുക്കുന്ന ചിത്രമാണ് ഫൈറ്റര്‍. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ ഗംഭീര തിരിച്ച് വരവ് നടത്തിയ ചിത്രം കൂടിയായിരുന്നു പഠാന്‍. 2023 ജനുവരി 25 റിലീസ് ചെയ്ത ചിത്രം 1050 കോടിയിലേറയാണ് വരുമാനം നേടിയത്.
ഫൈറ്ററില്‍ ഹൃത്വിക് റോഷനും ദീപിക പദുകോണുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ടീസറിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. 24 മില്യണ്‍ വ്യൂവാണ് 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് ഇതുവരെ ലഭിച്ചത്. എന്നാല്‍ ടീസറിലെ ഒരു രംഗത്തിന്റെ പേരില്‍ ഒരു വിഭാഗം ദീപിക പദുക്കോണിനെതിരേയും ഹൃത്വിക് റോഷനെതിരേയും രംഗത്ത് വന്നിരിക്കുകയാണ്.
എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. ടീസറില്‍ നായികാനായകന്മാരുടെ ഒരു ഇന്റിമേറ്റ് രംഗമുണ്ട്. ഇതില്‍ ദീപിക മോണോക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ഒരു വിഭാഗം രംഗത്ത് വന്നത്. വ്യോമസേനയെ അപമാനിച്ചുവെന്നാണ് ചിലര്‍ ആരോപിക്കുന്നത്. ഇതുപോലുള്ള രംഗത്തില്‍ അഭിനയിക്കാന്‍ ഹൃത്വിക്കിനും നാണമില്ലേ എന്ന തരത്തില്‍ ആക്ഷേപിക്കുന്നവരുണ്ട്.
നേരത്തേ പഠാനിലെ ഗാനം പുറത്തിറങ്ങിയപ്പോള്‍ ദീപികയ്‌ക്കെതിരേ കടുത്ത വിമര്‍ശനവുമായി ചിലര്‍ രംഗത്ത് വന്നിരുന്നു. വിശാല്‍-ശേഖര്‍ ഈണമിട്ട ബേഷരം രംഗ് എന്ന ഗാനത്തിലെ ദീപികയുടെ ബിക്കിനിയുടെ നിറമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും ഷാരൂഖ്, ദീപിക എന്നിവര്‍ക്കെതിരെ വ്യക്തിപരമായ സൈബര്‍ ആക്രമണങ്ങളും ഉണ്ടായി. ഇതിനെയെല്ലാം അതിജീവിച്ച് ആഗോളതലത്തില്‍ വന്‍വിജയമാണ് ചിത്രം നേടിയത്.
2023 ജനുവരി 25-ന് ഫെറ്റര്‍ തിയേറ്ററുകളിലെത്തും. രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്ലിക്സ് പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മാണം. 250 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിശാല്‍-ശേഖര്‍ കോമ്പോയാണ് സംഗീതം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം. ഷാരൂഖ് ഖാന്റെ 'പഠാന്റെ' ഛായാഗ്രാഹകന്‍ സത്ചിതായിരുന്നു.