ചൈനയിലെ വെള്ളച്ചാട്ടവും കൃത്രിമം; അവിടെ എന്തെങ്കിലും ഒർജിനലുണ്ടോ എന്ന് സോഷ്യൽ മീഡിയ
ഓറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങൾ ഇറക്കുന്നതിൽ ചൈനയെ വെല്ലാൻ ആരുമില്ല. ഇപ്പോൾ ഇതാ അവിടുത്തെ വെള്ളച്ചാട്ടം വരെ കൃത്രിമമാണെന്നാണ് റിപ്പോർട്ട്. ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടമെന്ന് ചൈന അവകാശപ്പെട്ടിരുന്ന യുന്‍തായ് വെള്ളച്ചാട്ടം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് യുന്‍തായി മലമുകളില്‍ കയറിയ ഒരു സഞ്ചാരിയാണ് കണ്ടുപിടിച്ചത്. പാറ തുരന്ന് നിര്‍മ്മിച്ച പൈപ്പിന്റെ ഒരു ഭാഗം പുറത്തേക്ക് തള്ളി നില്‍ക്കുന്ന വീഡിയോ ഇദ്ദേഹം പുറത്തുവിട്ടതോടെ സംഭവം ചർച്ചയായി. താഴെയുള്ള കുഴിയില്‍ നിന്നും വെള്ളം വലിയ പൈപ്പ് വഴി കുന്നിന്‍ മുകളിലെത്തിച്ച് അവിടെ നിന്ന് വീണ്ടും താഴേക്ക് തുറന്ന് വിടുകയാണ്.
താഴേ നിന്നും നോക്കുമ്പോള്‍ 314 മീറ്റര്‍ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം യഥാര്‍ത്ഥമാണെന്ന് തോന്നും. എന്തായാലും സഞ്ചാരിയുടെ കണ്ടെത്തൽ ശരിയാണെന്ന് വെള്ളച്ചാട്ടം നിൽക്കുന്ന സീനിക് പാര്‍ക്ക് നടത്തിപ്പുകാര്‍ സമ്മതിച്ചിട്ടുണ്ട്. വേനല്‍ക്കാലമായതിനാല്‍ സഞ്ചാരികളെ നിരാശപ്പെടുത്തണ്ടല്ലോ എന്ന് കരുതിയാണ് പൈപ്പിട്ട് വെള്ളമെത്തിച്ചതെന്നാണ് ഇവരുടെ വിശദീകരണം.