'സ്‌ക്രിപ്റ്റിന്റെ മനോഹാരിത, കഥാപാത്രമായി മാറാന്‍ എളുപ്പം കഴിയും'; എംടിയെക്കുറിച്ച് നടൻ മോഹന്‍ലാല്‍

Update: 2023-11-11 11:23 GMT

എംടിയുടെ പല കൃതികളും പല ആവര്‍ത്തി വായിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍. ഇപ്പോഴും വായിക്കാറുണ്ട്. അദ്ദേഹത്തിന്റെ തിരക്കഥകള്‍ വായിക്കുന്നതും ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും മനോഹരമായ ദൃശ്യാനുഭവമാണ്. സാറിന്റെ സ്‌ക്രിപ്റ്റിന്റെ മനോഹാരിത, കഥാപാത്രമായി മാറാന്‍ എളുപ്പം കഴിയും എന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരിക്കല്‍ മുംബൈയില്‍ വച്ചുനടന്ന ചടങ്ങില്‍ തന്നെപ്പറ്റി എംടി പറഞ്ഞത് വലിയ അവാര്‍ഡുകളേക്കാള്‍ ഉയരമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഞാനവതരിപ്പിച്ച എംടി കഥാപാത്രങ്ങളെല്ലാം എനിക്കു പ്രിയപ്പെട്ടതാണ്. 'ഉയരങ്ങളി'ലെ ആന്റി ഹീറോ ആയ ജയരാജിനെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ക്ലൈമാക്‌സില്‍ പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ 'തോല്‍ക്കാന്‍ ഞാന്‍ തയാറല്ലെങ്കിലോ?' എന്നു പറഞ്ഞ് ഉയരങ്ങളില്‍ നിന്നു ചാടി മരിക്കുന്ന ജയരാജന്‍ ഇന്നും എനിക്കു വിസ്മയമാണ്. 'ആള്‍ക്കൂട്ടത്തില്‍ തനിയെ'യില്‍ എന്റെ കഥാപാത്രം രണ്ടോ മൂന്നോ സീനിലേ പ്രത്യക്ഷപ്പെടുന്നുള്ളൂ. എന്നിട്ടും ഞാനതിനെ ഒരുപാടു സ്‌നേഹിക്കുന്നു. 'അമൃതം ഗമയഃ'യും 'സദയ'വും 'താഴ്‌വാര'വും എന്നിലെ നടന് ഒരുപാടു സന്തോഷവും അസ്വസ്ഥതകളും ഉണ്ടാക്കിയ വേഷങ്ങളാണ്.

'താഴ്‌വാരം' എന്ന സിനിമയുമായി ബന്ധപ്പെട്ട് മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ഞാന്‍ സാറിനൊപ്പം പങ്കെടുത്തു. അന്നവിടെ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ''ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍'' എന്ന് എന്നെ വിശേഷിപ്പിച്ചതു കേട്ട് ഏറെ സന്തോഷം തോന്നി. ''എഴുത്തുകാരന്റെയും സംവിധായകന്റെയും മനസിലുള്ളതിനേക്കാളും ഉയരത്തില്‍ പെര്‍ഫോം ചെയ്യുമ്പോഴാണ് ഒരാളൊരു വലിയ നടനാവുന്നത്. ആ തലത്തിലാണ് ഞാന്‍ മോഹന്‍ലാലിനെ കാണുന്നത്.'' എം.ടി എന്ന വലിയ എഴുത്തുകാരന്‍ എനിക്കു നല്‍കിയ കിരീടമായിരുന്നു ആ വാക്കുകള്‍- മോഹന്‍ലാല്‍ പറഞ്ഞു.

Tags:    

Similar News