ഏപ്രിൽ 8ന് സമ്പൂർണ സൂര്യഗ്രഹണം; പകൽ സന്ധ്യയാകും; ദൃശ്യമാകുന്നത് നോർത്ത് അമേരിക്കൻ രാജ്യങ്ങളിൽ
ഏപ്രിൽ 8ന് വീണ്ടുമൊരു സമ്പൂർണ സൂര്യഗ്രഹണത്തിന് ഭൂമി സാക്ഷ്യം വഹിക്കാൻ പോകുന്നു. നോർത്ത് അമേരിക്ക മുഴുവൻ ഗ്രഹണം അനുഭവപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ ഇന്ത്യ അടക്കമുള്ള മിക്ക ഏഷ്യന്‍ രാജ്യങ്ങൾക്കും ഈ അപൂർവ്വ പ്രതിഭാസം കാണാൻ അവസരം ലഭിക്കില്ല. ഗ്രേറ്റ് നോർത്ത് അമേരിക്കൻ സൂര്യഗ്രഹണം എന്നാണ് നാസ ഇതിനെ വിശേഷിപ്പിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഏപ്രിൽ 8ന് സൂര്യഗ്രഹണം ദൃശ്യമാകും. ടൈം സോണുകൾ അനുസരിച്ചു ഗ്രഹണത്തിന്‍റെ ദൈർഘ്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.
ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം നടക്കുന്നത്. അപ്പോൾ പകൽ സന്ധ്യയായെന്ന പ്രതീതിയുണ്ടാകും. മാത്രമല്ല, ആ പകലിൽ ചിലപ്പോൾ നക്ഷത്രങ്ങളെ കാണാൻ കഴിഞ്ഞേക്കും. ഇന്ത്യൻ സമയം ഏപ്രിൽ 8ന് രാത്രി 9:13 നും ഏപ്രിൽ 9 പുലർച്ചെ 2.22 നുമിടക്കാണ് സൂര്യ ഗ്രഹണം നടക്കാൻ പോകുന്നത്. ഈ അപൂർവ്വ കാഴ്ച്ച കാണാൻ സാധിക്കാത്തവർക്കായി അവസരമൊരിക്കിക്കൊണ്ട് അന്ന് നാസ വിവിധ സ്ഥലങ്ങളിൽ നിന്നായി സൂര്യഗ്രഹണം ലൈവ് സ്ട്രീം ചെയ്യും.