2024 പിടി5; ഭൂമിക്ക് താല്‍കാലികമായി പുതിയ ഒരു ചന്ദ്രനെ കിട്ടും

Update: 2024-09-16 10:54 GMT

ബഹിരാകാശത്തുള്ള ഓരോ വസ്തുവിനെയും നിരീക്ഷിക്കുകയാണ് ബഹിരാകാശ ഏജന്‍സികള്‍. അതുകൊണ്ടു തന്നെയാണ് ഭൂമിക്കരികിലൂടെ കടന്നുപോവുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരമായി നമ്മള്‍ കേള്‍ക്കുന്നത്. അടുത്തിടെയാണ് 2024 ഒഎന്‍ എന്ന് പേരുള്ള ഒരു ഛിന്നഗ്രഹം ഭൂമിയെ കടന്ന് പോയത്. ഇതിന് പിന്നാലെ മറ്റൊരു ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരികയാണ്. എന്നാൽ ഇതിന് മറ്റൊരു പ്രത്യേകതയുണ്ട്. ശൂന്യതയിലൂടെയുള്ള സഞ്ചാരത്തിനിടെ ഈ ഛിന്നഗ്രഹം താല്‍കാലികമായി ചന്ദ്രനെ പോലെ ഭൂമിയെ ചുറ്റുന്ന ഒരു ഉപഗ്രഹമായി മാറും.

സഞ്ചാരത്തിനിടെ ഭൂമിയുടെ ആകര്‍ഷണ വലയത്തിലകപ്പെടുന്ന 2024 പിടി5 എന്ന ഈ ഛിന്നഗ്രഹം ഭൂമിയെ ചുറ്റുന്ന ഒരു ഭ്രമണ പഥത്തിലേക്ക് മാറുകയും ചെയ്യും. ഭൂമിയെ ഒരുതവണ ചുറ്റിയ ശേഷം ഇത് പിന്നീട് വഴിമാറി സഞ്ചാരം തുടരും.ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്തിയില്‍ ആകര്‍ഷിക്കപ്പെടുന്ന ഒരു ഛിന്നഗ്രഹത്തെ കാണുന്നത് അപൂര്‍വമാണ്. സാധാരണ ഛിന്നഗ്രഹങ്ങള്‍ ആകര്‍ഷണ വലയത്തില്‍ അകപ്പെടാതെ പോവുകയോ ആകര്‍ഷണ വലയത്തില്‍ അകപ്പെട്ട് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിയമരുകയോ ചെയ്യാറാണ് പതിവ്.

സാങ്കേതികമായി 2024 പിടി5 നെ മിനി മൂണ്‍ എന്ന് വിളിക്കാനാവില്ല. കാരണം ഇത് ഭൂമിയെ പൂര്‍ണമായി ഭ്രമണം ചെയ്യാറില്ല മറിച്ച് വെറും 56 ദിവസം മാത്രമാണ് ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തില്‍ സഞ്ചരിക്കുക. സെപ്റ്റംബര്‍ 29 മുതല്‍ നവംബര്‍ 25 വരെയാണ് ഇത് ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലുണ്ടാവുക. ശേഷം വഴിമാറി സഞ്ചരിക്കുന്ന ഛിന്നഗ്രഹം സൂര്യനെ ചുറ്റുന്ന ഭ്രമണപഥത്തിലേക്ക് തിരിച്ച് പോവും.

Tags:    

Similar News