ചാറ്റ് ജിപിടിയിലേക്ക് 'സ്‌ട്രോബറി' വരുന്നു; സങ്കീര്‍ണമായ ഗണിത പ്രശ്‌നങ്ങള്‍ സിംപ്പിളാകും; യുക്തി-അധിഷ്ടിത എഐ രണ്ടാഴ്ച്ചക്കുള്ളിൽ

Update: 2024-09-11 11:54 GMT

ഓപ്പണ്‍ എഐയുടെ 'സ്‌ട്രോബറി' ചാറ്റ്ജിപിടിയിലേക്ക് വരുന്നു. യുക്തി-അധിഷ്ടിത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് 'സ്‌ട്രോബറി'. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ചാറ്റ്ജിപിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. ദി ഇന്‍ഫര്‍മേഷന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനായി സജീവമായ പ്രവര്‍ത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് സാം ഓള്‍ട്ട്മാന്റെ നേതൃത്വത്തിലുള്ള ഓപ്പണ്‍ എഐ.

സ്‌ട്രോബറി എഐ ചാറ്റ്ജിപിടിയുടെ ഭാഗമാകുമെങ്കിലും ഇത് പ്രത്യേകമായാണ് ലഭിക്കുക. എന്നാൽ ഇത് എങ്ങനെയാണ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എന്ന് വ്യക്തമല്ല. 'സ്‌ട്രോബറി' യുക്തി അധിഷ്ടിത എഐ മോഡലായതുകൊണ്ടു തന്നെ വിശകലനം ചെയ്യുന്നതില്‍ പ്രത്യേക കഴിവുണ്ടാവും. കൂടുതല്‍ സങ്കീര്‍ണമായ നിര്‍ദേശങ്ങളോട് പ്രതികരിക്കാന്‍ ഇതിന് സാധിക്കും. റിപ്പോര്‍ട്ട് അനുസരിച്ച്, സ്‌ട്രോബറിയുടെ ആദ്യ വേർഷന് ടെക്സ്റ്റ് മാത്രമേ കൈകാര്യം ചെയ്യാനാവൂ. ഓപ്പണ്‍ എഐയുടെ ജിപിടി 4ഒയെ പോലെ ചിത്രങ്ങളും, ശബ്ദങ്ങളും കൈകാര്യം ചെയ്യാന്‍ ഇപ്പോൾ സ്‌ട്രോബറിക്കാവില്ല.

വിശകലന ശേഷിയില്‍ മികവുള്ളതിനാല്‍ ജിപിടി 4ഒയേക്കാള്‍ സ്‌ട്രോബറിക്ക് തെറ്റുകളും പിഴവുകളും കുറവായിരിക്കുമെന്നാണ് വിവരം. എന്നാല്‍ ജിപിടി 4ഒയേക്കാള്‍ വച്ചു നോക്കുമ്പോൾ ഇതിന് വേഗം കുറവായിരിക്കും. സ്‌ട്രോബറിയില്‍ നിന്നുള്ള മറുപടി ലഭിക്കാൻ 10 മുതല്‍ 20 സെക്കന്റ് വരെ കാത്തിരിക്കേണ്ടി വരും. സങ്കീര്‍ണമായ വിശകലന/വിചിന്തന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനാല്‍ മറ്റ് എഐ മോഡലുകളേക്കാള്‍ കൂടുതല്‍ കംപ്യൂട്ടിങ് ശേഷിയും സ്‌ട്രോബറിക്ക് വേണ്ടിവരും.

Tags:    

Similar News