'മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്നത് മറ്റുള്ളവരുടെ മോഡലാണ്'; പരിഹസിച്ച് പിച്ചൈ
നിര്‍മിത ബുദ്ധിയെക്കുറിച്ച് സംസാരിക്കവെ മൈക്രോസോഫ്റ്റിന് പരിഹാസവുമായി ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ. ഗൂഗിള്‍ എ.ഐ. മോഡലുകള്‍ സ്വന്തമായി നിര്‍മിക്കുമ്പോള്‍, മൈക്രോസോഫ്റ്റ് മറ്റാരുടെയോ മോഡലാണ് ഉപയോഗിക്കുന്നതെന്നായിരുന്നു പിച്ചൈയുടെ പരാമര്‍ശം. ദി ന്യൂയോര്‍ക് ടൈംസിന്റെ ഡീല്‍ബുക് സമിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എതിരാളികളെ അപേക്ഷിച്ച് നിര്‍മിത ബുദ്ധി വികസിപ്പിക്കുന്നതില്‍ ഗൂഗിള്‍ എത്രത്തോളം മുന്നോട്ടുപോയി എന്നായിരുന്നു അഭിമുഖമെടുക്കുന്ന ആന്‍ഡ്രു റോസ് സോര്‍കിന്റെ ചോദ്യം. എ.ഐ. പോരില്‍ ഗൂഗിള്‍ സ്വാഭാവിക വിജയികളാകുമായിരുന്നുവെന്ന് ഗൂഗിളിനെക്കുറിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നദെല്ലയുടെ പരാമര്‍ശവും ആന്‍ഡ്രു റോസ് സോര്‍ക് ചൂണ്ടിക്കാട്ടി. ഇതിന് മറുപടി പറയുകയായിരുന്നു പിച്ചൈ.
അവര്‍ മറ്റുള്ളവരുടെ മോഡലാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു സുന്ദര്‍ പിച്ചൈയുടെ മറുപടി. ചാറ്റ്ജി.പി.ടി. വികസിപ്പിച്ച ഓപ്പണ്‍ എ.ഐയില്‍ മൈക്രോസോഫ്റ്റിന്റെ 13 ബില്യണ്‍ ഡോളര്‍ നിക്ഷേപം ചൂണ്ടിക്കാട്ടിയായിരുന്നു പിച്ചൈയുടെ പരാമര്‍ശം. താരതമ്യത്തിന് തങ്ങള്‍ തയ്യാറാണെന്നും പിച്ചൈ കൂട്ടിച്ചേര്‍ത്തപ്പോള്‍, വെല്ലുവിളിയാണോയെന്ന് സോര്‍കിന്റെ മറുചോദ്യം. എന്നാല്‍, തങ്ങള്‍ക്ക് അവരോട് ബഹുമാനമുണ്ടെന്ന് പറഞ്ഞ് പിച്ചൈ ഒഴിഞ്ഞുമാറി.