സീൻ ചെയ്യാത്ത മെസേജുകളും സ്റ്റാറ്റസുകളും ഇനി വാട്‌സ്ആപ്പ് ഓര്‍മ്മിപ്പിക്കും; വാട്‌സ്ആപ്പിലും റിമൈന്‍ഡര്‍
വാട്സപ്പിൽ നിങ്ങൾ സീൻ ചെയ്യാത്ത മെസേജുകളും സ്റ്റാറ്റസുകളും ഇനി വാട്‌സ്ആപ്പ് തന്നെ ഓർമ്മിപ്പിക്കും. ഇതിനായി പുത്തനൊരു അപ്ടേറ്റുമായി എത്തിയിരിക്കുകയാണ് വാട്സപ്പ്. സ്ഥിരമായി ഇടപെടുന്നവരുടേയും ഫേവറേറ്റ് കോണ്‍ടാക്റ്റുകള്‍ ആയി സേവ് ചെയ്‌തിരിക്കുന്നവരുടെയും സ്റ്റാറ്റസുകളെയും മെസേജുകളേയും കുറിച്ചാണ് വാട്സ്ആപ്പ് സിഗ്നല്‍ തരിക. ഇതിനായി സ്ഥിരമായി നമ്മൾ നടത്തുന്ന ആശയവിനിമയങ്ങൾ വാട്സ്ആപ്പ് വിശകലനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ബാക്കപ്പിലോ സെർവറിലോ ഈ വിവരങ്ങൾ ശേഖരിച്ചുവെക്കില്ലെന്നും കമ്പനി പറയുന്നു.
വാട്സ്ആപ്പ് ഉപയോക്താവിന് ശല്യമാകാത്ത രീതിയിൽ റിമൈന്‍ഡർ നൽകാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഈ സേവനം ആവശ്യമില്ലാത്തവർക്ക് സെറ്റിംഗ്സിൽ കയറി റിമൈൻഡർ ഓഫ് ചെയ്ത് വെക്കാനും കഴിയും. വാട്‌സ്ആപ്പ് ബീറ്റാ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. വൈകാതെ തന്നെ മറ്റുള്ള വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാകും. അടുത്തിടെയാണ് സ്റ്റാറ്റസ് മെൻഷൻ ഓപ്ഷൻ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഈ അപ്ഡേറ്റ് ഹിറ്റായതിന് പിന്നാലെയാണ് പുതിയ അപ്ഡേറ്റ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്.