ജെമിനിഡ് ഉല്‍ക്കാവര്‍ഷം വരുന്നു; മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ മാനത്ത് പെയ്യുന്ന അപൂര്‍വ കാഴ്ച

Update: 2024-12-11 11:26 GMT

മാനത്ത് ഒരു പൂത്തിരി കത്താൻ പോകുകയാണ്. ഈ വർഷത്തെ ജെമിനിഡ് ഉല്‍ക്കാവര്‍ഷം വരും ദിവസങ്ങളിൽ ആകാശത്ത് കാണാം. മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ മാനത്ത് പെയ്യുന്ന ഈ ദൃശ്യം ഡിസംബർ 13 മുതൽ ഡിസംബർ 14 പുലർച്ചെ വരെ ഭൂമിയില്‍ നിന്ന് കാണാനാകുമെന്നാണ് പ്രതീക്ഷ. 3200 ഫേത്തോണ്‍ എന്ന ഛിന്നഗ്രഹത്തിന്‍റെ അവശിഷ്ടങ്ങളാണ് ജെമിനിഡ് ഉൽക്കകൾക്ക് കാരണം. സെക്കൻഡിൽ 22 മൈൽ വേഗതയിലാണ് ഇത് ആകാശത്തിലൂടെ പായുന്നത്. വെള്ള, മഞ്ഞ, പച്ച എന്നീ നിറങ്ങള്‍ ജെമിനിഡ് ഉല്‍ക്കാവര്‍ഷം മാനത്ത് സൃഷ്ടിക്കും. ബഹിരാകാശ അവശിഷ്ടങ്ങളിലുള്ള സോഡിയവും കാല്‍സ്യവുമാണ് ഇതിന് കാരണം.

ജെമിനിഡ് ഉല്‍ക്കാവര്‍ഷം ഏറ്റവും ആകര്‍ഷകമായി കാണണമെങ്കില്‍ നഗര വെളിച്ചത്തില്‍ നിന്ന് മാറി വാനനിരീക്ഷണം നടത്താനാണ് നാസയുടെ നിര്‍ദേശം. ഇരുട്ടിനോട് പൊരുത്തപ്പെടാൻ കണ്ണുകൾക്ക് കുറഞ്ഞത് 30 മിനിറ്റെങ്കിലും നൽകണം. പ്രാദേശിക സമയം പുലർച്ചെ 2 മണിയാണ് ഈ വിസ്മയ കാഴ്ചയ്ക്കായുള്ള ഏറ്റവും മികച്ച സമയം. നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ ജെമിനിഡ് ഉല്‍ക്കാവര്‍ഷം കാണാം. എന്നാൽ പൂർണ്ണ ചന്ദ്രൻ ഈ വർഷത്തെ കാഴ്ചയ്ക്ക് വെല്ലുവിളി ഉയർത്തുന്നുമെന്നാണ് ​വാന നിരീക്ഷകരുടെ മുന്നറിയിപ്പ്.


Tags:    

Similar News