ഇന്റര്‍നെറ്റ് ഇല്ലാതെ ഫൈന്റ് മൈ ഡിവൈസ് ഉപയോഗിക്കാം; പുതിയ അപ്ഗ്രേഡുമായി ഗൂഗിൾ
ഫോൺ കാണാതായാൽ ഗൂഗിളിന്റെ ഫൈന്റ് മൈ ഡിവൈസ് എന്ന ഫീച്ചർ ഉപയോഗിച്ച് ഫോൺ കണ്ടെത്താൻ ശ്രമിക്കാറില്ലെ? ഇപ്പോൾ ഈ ഫീച്ചർ അപഗ്രേഡ് ചെയ്തിരിക്കുകയാണ് ഗൂഗിൾ. നിലവില്‍ യു.എസ്., കാനഡ എന്നിവിടങ്ങളില്‍ മാത്രം അവതരിപ്പിച്ചിരിക്കുന്ന പുതിയ നെറ്റ്‌വർക്ക് താമസിയാതെ ആഗോള തലത്തില്‍ ലഭ്യമാക്കും എന്നാണ് വിവരം. ആന്‍ഡ്രോയിഡ് ഫോണുകളും അനുബന്ധ ഉപകരണങ്ങളും കണ്ടെത്താന്‍ ഇതുവഴി സാധിക്കും. പുതിയ അപ്‌ഡേറ്റിന്റെ സവിശേഷത എന്തെന്നാൽ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും ഫൈന്റ് മൈ ഡിവൈസ് ഉപയോഗിച്ച് ഉപകരണങ്ങള്‍ കണ്ടെത്താം എന്നതാണ്.
ഇതെങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നല്ലെ. ഉദാഹരണത്തിന് ഒരു ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് നഷ്ടമായെന്നു കരുതുക. ആ ഹെഡ്‌സെറ്റ് എവിടെയാണോ അതിനടുത്തൂകൂടി ആന്‍ഡ്രോയിഡ് ഫോണ്‍ ഉടമ പോവുകയാണെങ്കിൽ അയാളുടെ ഫോണിലേക്ക് ഹെഡ്‌സെറ്റിന്റെ എന്‍ക്രിപ്റ്റ് ചെയ്ത ലൊക്കേഷന്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടും. അത് ഫൈന്റ് മൈ ഡിവൈസ് നെറ്റ്‌വർക്കിലൂടെ ഹെഡ്‌സെറ്റിന്റെ ഉടമയ്ക്ക് ഓണ്‍ലൈനായി കണ്ടെത്താന്‍ സാധിക്കുകയും ചെയ്യും. ആന്‍ഡ്രോയിഡ് ഫോണ്‍ ഉടമ ഈ നെറ്റ്‌വർക്കിന്റെ ഭാഗമാവാന്‍ സമ്മതമറിയിച്ചാല്‍ മാത്രമേ ആ ഫോണ്‍ നെറ്റ്‌വർക്കിന് വേണ്ടി ഉപയോഗിക്കൂ.