കയ്യിൽ കാശില്ല എന്ന് കരുതി യാത്ര മാറ്റിവയ്ക്കേണ്ട. കയ്യിൽ കാശില്ലെങ്കിലും കെഎസ്ആർടിസിയിൽ യാത്ര ചെയ്യാം. ഡെബിറ്റ് കാർഡിലൂടെയും യുപിഐ ആപ്പിലൂടെയും കെഎസ്ആർടിസിയിൽ ഇനി ടിക്കറ്റ് എടുക്കാൻ സാധിക്കും. ഡിജിറ്റൽ പെയ്മെന്റ് രീതി ഉപയോഗിച്ച് ടിക്കറ്റ് എടുക്കാവുന്ന പദ്ധതി ചലോ ആപ്പുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.
ചില ബസുകളിൽ തിരുവനന്തപുരം ജില്ലയിൽ പദ്ധതി ഇപ്പോൾ നടപ്പിലാക്കി വരുന്നുണ്ട്. ഈ സംവിധാനം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറിൽ ഉടൻ ഒപ്പുവയ്ക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ അറിയിച്ചിട്ടുണ്ട്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, മറ്റ് പ്രധാന ബാങ്കുകളുടെ ആപ്പുകൾ എന്നിവയിലൂടെ ടിക്കറ്റ് തുക നൽകാനാകുമെങ്കിലും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാൻ സാധിക്കില്ല.
പദ്ധതിയുടെ ഭാഗമായി നേരത്തെ ഉണ്ടായിരുന്ന കെഎസ്ആർടിസിയുടെ ട്രാവൽ കാർഡും പുതുക്കി ഉപയോഗിക്കാവുന്നതാണ്. പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചലോ ആപ്പിൽ 4000 അധികം വരുന്ന ബസ്സുകളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്ന നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്.
പുതിയ പദ്ധതിയിലൂടെ കൂടുതൽ യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് ആകർഷിക്കുക എന്നതാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ റോഡിൽ ഏതൊക്കെ ബസുകൾ ഓടുന്നുണ്ട്, ബസ് എവിടെയെത്തി, ബസ് എത്തുന്ന സമയം എന്നിവയും അറിയാൻ സാധിക്കും.