'സൈൻ ഇൻ പേജ്' പരിഷ്‌കരിച്ച് ഗൂഗിൾ; സ്‌ക്രീനിനുസരിച്ച് പേജും ക്രമീകരിക്കപ്പെടും

Update: 2024-04-03 06:18 GMT

തേഡ് പാർട്ടി ആപ്പുകളിൽ എളുപ്പം ലോഗിൻ ചെയ്യുന്നതിനും സൈൻ അപ്പ് ചെയ്യുന്നതിനുമായി ഗൂഗിൾ ഒരുക്കിയ സൗകര്യമാണ് 'സൈൻ ഇൻ വിത്ത് ഗൂഗിൾ'. ഇപ്പോഴിതാ പരിഷ്‌കരിച്ച സൈൻ ഇൻ പേജ് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. എല്ലാ തരം സ്‌ക്രീനുകൾക്കും അനുയോജ്യമായ വിധത്തിലാണ് പുതിയ സൈൻ ഇൻ പേജ് രൂപകൽപന ചെയ്തിരിക്കുന്നത് എന്ന് ഗൂഗിൾ പറയുന്നു. വലുതും വീതിയുള്ളതുമായ സ്‌ക്രീനുകൾക്ക് ഇത് അനുയോജ്യമാണ്. സ്‌ക്രീനിനുസരിച്ച് ഈ സൈൻ ഇൻ പേജും ക്രമീകരിക്കപ്പെടും.

കംപ്യൂട്ടറുകൾ, ഫോണുകൾ, ടാബ്ലെറ്റുകൾ എന്നിവയിൽ പുതിയ മാറ്റം കാണാം. ഗൂഗിളിന്റെ ആപ്പുകളിൽ ലോഗിൻ ചെയ്യുമ്പോഴും, ബ്രൗസറിൽ വിവിധ ഗൂഗിൾ സേവനങ്ങളിൽ ലോഗിൻ ചെയ്യുമ്പോഴും ഈ മാറ്റം കാണാം. ഇതോടൊപ്പം വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും മറ്റ് ആപ്പുകളിലുമെല്ലാം ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ പുതിയ സൈൻ ഇൻ പേജാണ് കാണുക.

ഡിസൈനിൽ മാറ്റം വരുത്തിയതല്ലാതെ സൈൻ ഇൻ ചെയ്യുന്ന പ്രക്രിയയിലൊന്നും മാറ്റമില്ല. ഇമെയിൽ, പാസ് വേഡ് എന്നിവ പോലെ സാധാരണ നൽകുന്ന വിവരങ്ങൾ തന്നെയാണ് നൽകേണ്ടത്. ഒരു വെബ്‌സൈറ്റിലോ ആപ്പിലോ പുതിയ അക്കൗണ്ട് നിർമിക്കുന്നതിനായി വേണ്ടി വരുന്ന സമയം ലാഭിക്കാൻ ഏറെ സഹായകമാണ് സൈൻ ഇൻ വിത്ത് ഗൂഗിൾ ഫീച്ചർ. സെക്കന്റുകൾക്കുള്ളിൽ ഏത് വെബ്‌സൈറ്റിലും ആപ്പിലും ഗൂഗിൾ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യാൻ ഉപഭോക്താക്കൾക്കാവും. ഗൂഗിളിൽ നൽകിയിരിക്കുന്ന പേരും ഇമെയിൽ അഡ്രസും മറ്റ് അവശ്യ വിവരങ്ങളും ഇതിനായി ഉപയോഗിക്കും.

Tags:    

Similar News