പുത്തൻ ഫീച്ചറുകളും ആയി ഗൂഗിൾ മാപ്പ്

Update: 2024-07-25 12:22 GMT

ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവർ നിരവധിയാണ്. ഇത്തരത്തിൽ യാത്ര ചെയ്ത് അപകടത്തിൽ അകപ്പെട്ടിട്ടുള്ളവരും ഏറെയാണ്. ഗൂഗിൾ മാപ്പിനെ ആശ്രയിക്കുന്നവർക്ക് വെല്ലുവിളിയാകുന്ന ഒന്നാണ് ഫ്ലൈ ഓവറുകൾ. ഇത്തരത്തിൽ ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് ഫ്ലൈ ഓവർമൂലം ആശയകുഴപ്പമുണ്ടാകുന്നവർക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ മാപ്പ്.

‘ഫ്ലൈ ഓവർ കോൾ ഔട്ട്’ എന്ന ഗൂഗിൾ മാപ്പിൽ അവതരിപ്പിച്ചിരിക്കുന്ന പുത്തൻ ഫീച്ചർ ഉപയോഗിച്ച് ഫ്ലൈ ഓവർ എവിടേക്ക് ഉള്ളതാണ് എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ മുൻകൂട്ടി അറിയാൻ യാത്രക്കാർക്ക് സാധിക്കുകയും ആ വഴി പോകണോ വേണ്ടയോ എന്ന് മുൻകൂട്ടി തീരുമാനിക്കാൻ സാധിക്കുകയും ചെയ്യും. ഗൂഗിൾ മാപ്പ് പുതിയ ഫീച്ചർ ഇന്ത്യയിലെ 40 നഗരങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ ആൻഡ്രോയിഡ് ഫോണുകളിൽ എത്തുന്ന പുതിയ അപ്ഡേറ്റ് പിന്നീട് ഐ ഒ എസ്, കാർപ്ലെ ഉപഭോക്താക്കൾക്കും ലഭിക്കും. ടൂവീലർ യാത്രക്കാർക്കും ഫോർ വീലർ യാത്രക്കാർക്കും പുത്തൻ ഫീച്ചർ ലഭ്യമാകും. ഗൂഗിൾ മാപ്പിൽ നിലവിൽ 8000 ൽ ഏറെ ഇ വി ചാർജിങ് സ്റ്റേഷനുകൾ ലഭ്യമാണ്. ഇതുകൂടാതെ ഏതുതരം പ്ലഗ്ഗുകളാണ് എന്നത് സംബന്ധിച്ചും അവയുടെ ലഭ്യത സംബന്ധിച്ചുള്ള വിവരങ്ങളും ഗൂഗിൾ മാപ്പിൽ ലഭ്യമാകും.

ചാർജർ ടൈപ്പ് അനുസരിച്ച് ചാർജിങ് സ്റ്റേഷനുകൾ ഫിൽട്ടർ ചെയ്യുന്നതിനും കാറിന് അനുയോജ്യമായ ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്തുന്നതിനും സാധിക്കുന്ന പുതിയ ഫീച്ചറിലൂടെ ഇരുചക്ര വാഹനങ്ങൾക്ക് വേണ്ടി മാത്രമുള്ള ചാർജിങ് സ്റ്റേഷനുകളും വേർതിരിച്ചറിയാൻ സാധിക്കും. ഇതുകൂടാതെ സർക്കാറിന്റെ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സ്, നമ്മ യാത്രി എന്നിവരുമായി സഹകരിച്ച് മെട്രോ ടിക്കറ്റ് ബുക്കിംഗ് സൗകര്യവും ഗൂഗിൾ മാപ്പിൽ ഒരുക്കിയിട്ടുണ്ട്.

ഈ ആഴ്ചയോടെ കൊച്ചി ചെന്നൈ എന്നിവിടങ്ങളിൽ ഈ സൗകര്യം ലഭ്യമായി തുടങ്ങും. ഇതുകൂടാതെ ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, ഇൻഡോർ, ഭോപ്പാൽ, ഭുവനേശ്വർ, ഗുവാഹട്ടി എന്നിവിടങ്ങളിൽ വീതി കുറഞ്ഞ റോഡുകൾ സംബന്ധിച്ച മുന്നറിയിപ്പുകളും ഗൂഗിൾ മാപ്പിലൂടെ ലഭ്യമാകും.

Tags:    

Similar News