ആന്‍ഡ്രോയിഡ് ഫോണ്‍ മോഷ്ടിക്കപ്പെട്ടാലും പേടിക്കണ്ട; ട്രിപ്പിള്‍ സുരക്ഷയുമായി ഗൂഗിൾ
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോൺ നഷ്ടപ്പെട്ടാൽ അതിലെ സ്വകാര്യ വിവരങ്ങളെല്ലാം മറ്റുള്ളവരുടെ കൈയ്യിലാകുമെന്നും അത് ദുരുപയോഗപ്പെടുമെന്നുള്ള പേടിയില്ലെ? എന്നാൽ ഇനി ആ പേടി വേണ്ട. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് കൂടുതല്‍ ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കാൻ ഒരുങ്ങുകയാണ് ഗൂഗിള്‍. പുതിയ തെഫ്റ്റ് ഡിറ്റക്ഷന്‍ ഫീച്ചറിലൂടെയാണ് കമ്പനി ഉപഭോക്താക്കളുടെ ഡാറ്റയ്ക്കും ഫോണിനും സുരക്ഷയൊരുക്കാൻ പോകുന്നത്.
പ്രധാനമായി മൂന്ന് ഭാഗങ്ങളാണ് തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് ഫീച്ചറിലുള്ളത്. അതില്‍ ആദ്യത്തേതാണ് തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്. ഇത് ഫോണ്‍ അതിന്റെ ഉപഭോക്താക്കളില്‍ നിന്നും മോഷ്ടിക്കപ്പെട്ടിരിക്കുന്നെന്നും ഉടമയില്‍ നിന്ന് വാഹനത്തിലോ മറ്റോ ഓടിക്കൊണ്ടിരിക്കുകയാണെന്നും മെഷീന്‍ ലേണിങ് സംവിധാനം ഉപയോഗിച്ച് തിരിച്ചറിയും. ഉടന്‍ തന്നെ ഫോണ്‍ തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് മോഡിലേക്ക് മാറും. ഇതോടെ മോഷ്ടാവിന് ഫോണ്‍ തുറക്കാന്‍ സാധിക്കാതെ വരും.
രണ്ടാമത്തെ ഭാഗം ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക് ആണ്. ഫോണ്‍ നിശ്ചിത സമയപരിധിയില്‍ കൂടുതല്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടാല്‍ ഫോണ്‍ ലോക്കാവും. ഫോണ്‍ അസ്വാഭാവികമായി ഓഫ്‌ലൈന്‍ ആവുന്നത് തിരിച്ചറിഞ്ഞാണ് ഈ നീക്കം. മോഷ്ടിച്ചയാള്‍ ഫോണിലെ കണക്ടിവിറ്റി ഓഫ് ചെയ്താലും ഈ ഫീച്ചര്‍ ഫോണിന് സുരക്ഷ നല്‍കും.
റിമോട്ട് ലോക്ക് ഫീച്ചറാണ് അടുത്തത്. ഫൈന്‍ഡ് മൈ ഡിവൈസ് ഫീച്ചറിലൂടെ ഉടമയ്ക്ക് തന്നെ തന്‍റെ ഫോണ്‍ ലോക്ക് ചെയ്യാനാവുന്ന സംവിധാനമാണ് റിമോട്ട് ലോക്ക് ഫീച്ചര്‍. ഉപഭോക്താവിന് ഫോണ്‍ ദൂരെ നിന്ന് ലോക്ക് ചെയ്യാനാവും. അമേരിക്കയിലെ ആന്‍ഡ്രോയ്‌ഡ് സ്മാര്‍ട്ട്ഫോണുകളിലാണ് ഈ ഫീച്ചറുകള്‍ ആദ്യമെത്തിയത്. ഏറ്റവും പുതിയ ഷവോമി 14ടി പ്രോയില്‍ തെഫ്റ്റ് ഡിറ്റെക്ഷന്‍ ലോക്ക് പ്രത്യക്ഷപ്പെട്ടതായി മിഷാല്‍ റഹ്‌മാനാണ് ത്രഡ്‌സിലൂടെ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. മുതല്‍ ഗൂഗിള്‍ ബീറ്റ വേര്‍ഷനുകളില്‍ ഈ ഫീച്ചറുകള്‍ പരീക്ഷിക്കുന്നുണ്ടായിരുന്നു. വരും ആഴ്‌ചകളില്‍ ഈ മൂന്ന് ഫീച്ചറും കൂടുതല്‍ ആന്‍ഡ്രോയ്‌ഡ് ഫോണുകളിലേക്ക് എത്തും.