ഗൂഗിളിന്റെ നിർമിത ബുദ്ധി ചാറ്റ് ബോട്ടായ 'ബാർഡിൽ' പുതിയ അപ്ഡേഷനുകൾ വരുത്തി ഗൂഗിൾ . അറബിക് ഉൾപ്പെടെ 43 ഭാഷകളിൽ കൂടി മറുപടി ലഭിക്കുന്ന തരത്തിലാണ് 'ബാർഡ്' പുറത്തിറക്കിയിരിക്കുന്നത്. ഈജിപ്ഷ്യൻ, സൗദി, ഇമാറാത്തി എന്നിവ ഉൾപ്പെടെ 16 പ്രാദേശിക അറബി സംസാര ശൈലിയിലുള്ള ചോദ്യങ്ങൾക്ക് 'ബാർഡ്' ചാറ്റ്ബോട്ട് മറുപടി പറയും. അറബ് നാടുകളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഗൂഗിൾ ബാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
നിലവിൽ 239 രാജ്യങ്ങളിലായി 49 ഭാഷകളിൽ ബാർഡ് ലഭ്യമാകുമെന്നാണ് ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യ എതിരാളികളായ മൈക്രോസോഫ്റ്റ് ചാറ്റ് ജി.പി.ടിയിലൂടെ ഉയർത്തിയ വെല്ലുവിളി മറികടക്കുകയാണ് പ്രാദേശിക ഭാഷകളിൽ സംഭാഷണം നടത്താൻ കഴിയുന്ന ചാറ്റ്ബോട്ടിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത്. അറബി ഭാഷ ഉപയോഗിക്കുന്നവർക്ക് വലതു നിന്ന് ഇടത്തോട്ട് ടൈപ്പ് ചെയ്യാൻ പുതിയ സവിശേഷതകൾ വഴി സാധിക്കും. അതേസമയം, ഇംഗ്ലീഷ് ഭാഷയിലുള്ള ചോദ്യങ്ങൾക്ക് ഇംഗ്ലീഷിൽ തന്നെ മറുപടി ലഭിക്കും. മലയാള ഭാഷയിലും ബാർഡിന്റെ സേവനം ലഭ്യമാകുമെന്ന് ഗൂഗിൾ പറയുന്നു.