ഒറ്റച്ചാർജിൽ 595 കിലോമീറ്റർ ഓടും; വിഷൻ 7എസ് കൺസെപ്റ്റുമായി സ്‌കോഡ

Update: 2022-08-31 08:06 GMT

സ്‌കോഡ എൻയാക് ഇ.വി. റേഞ്ച് വിഷൻ 7എസ് എന്ന പേരിലാണ് ഇലക്ട്രിക് സെവൻ സീറ്റർ മോഡലിന്റെ കൺസെപ്റ്റ് അവതരിപ്പിച്ചു.   2026-ഓടെ മൂന്ന് ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുകയെന്ന സ്‌കോഡയുടെ പദ്ധതിയുടെ ഭാഗമായാണ് സീറോ എമിഷൻ സെവൻ സീറ്റർ എസ്.യു.വി. കൺസെപ്റ്റ് എത്തിച്ചിരിക്കുന്നതെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. 6+1 ലേഔട്ടിലാണ് കൺസെപ്റ്റ് മോഡലിലെ സീറ്റിങ്ങ് ഒരുക്കിയിരിക്കുന്നത്. സീറ്റുകളുടെ മധ്യത്തിലായാണ് ചൈൽഡ് സീറ്റിന്റെ സ്ഥാനം.

ഒലിവർ സ്റ്റെഫാനിയുടെ നേതൃത്വത്തിലുള്ള ടീം വികസിപ്പിച്ചെടുത്ത ഡിസൈൻ ഫിലോസഫിയിലാണ് വിഷൻ 7എസ് കൺസെപ്റ്റ് ഒരുങ്ങിയിട്ടുള്ളത്. സ്‌കോഡയുടെ പരമ്പരാഗത ഗ്രില്ലിന് പകരം ടെക് ഡെക്ക് എന്ന പേര് നൽകിയിട്ടുള്ള പിയാനോ ബ്ലാക്ക് പ്ലാസ്റ്റിക്കാണ് ഇതിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഡ്രൈവിങ്ങ് അസിസ്റ്റൻസിനുള്ള സെൻസറുകളും മറ്റും ഇതിൽ നൽകിയിട്ടുള്ളതിനാലാണ് ഇതിന് ടെക് ഡെക്ക് എന്ന പേര് നൽകിയിട്ടുള്ളതെന്നാണ് വിലയിരുത്തലുകൾ.

ബ്ലാക്ക് ആക്സെന്റുകൾക്കൊപ്പം നൽകിയിട്ടുള്ള എൽ.ഇ.ഡി. ഡി.ആർ.എൽ, വെർട്ടിക്കിൾ സ്ട്രിപ്പിന് സമാനമായ ഹെഡ്ലാമ്പ്, പരമ്പരാഗത ലോഗോയിക്ക് പകരം സ്‌കോഡ എന്ന് ബോണറ്റിൽ ആലേഖനം ചെയ്തിരിക്കുന്നു. ഇത് സ്‌കോഡയുടെ പുതിയ ലോഗോ ആയിരിക്കാമെന്നാണ് വിലയിരുത്തൽ. സ്റ്റൈലിഷ് ഡിസൈനിലുള്ള ബമ്പറും സ്‌കിഡ് പ്ലേറ്റും ഇതിൽ നൽകിയിട്ടുണ്ട്. പിൻഭാഗം ആഡംബര വാഹനങ്ങൾക്ക് സമാനമാണ്. മുൻവശത്തേതിന് സമാനമായ ബമ്പറും എൽ.ഇ.ഡി. ടെയ്ൽ ലാമ്പുമാണ് മുഖ്യ ആകർഷണം.

Similar News