ഗൂഗിൾ വാലറ്റ് പ്ലേസ്റ്റോറിലെത്തിയതായി റിപ്പോർട്ട്. ഇനി ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഗൂഗിൾ വാലറ്റ് ഉപയോഗിക്കാം. യുപിഐ അടിസ്ഥാനമായുള്ള ഗൂഗിൾപേയില്‍ നിന്നും വ്യത്യസ്തമാണ് ഗൂഗിൾ വാലറ്റ്. ഈ ആപ്പിലൂടെ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോൺടാക്ട്ലെസ് പേമെന്റാണ് ലക്ഷ്യമിടുന്നത്. നിയർഫീൽഡ് കമ്യൂണിക്കേഷൻ സംവിധാനമുള്ള ഫോണുകളിൽ മാത്രമേ ഗൂഗിൾ വാലറ്റ് പ്രവർത്തിക്കുകയുള്ളു. അതുകൊണ്ടുതന്നെ ഗൂഗിൾപേ സംവിധാനം ഇന്ത്യയിൽ പ്രത്യേക ആപ്പായി നിലനിൽക്കും. വെയർഒഎസ് സ്മാർട്വാച്ചുകളിൽനിന്നും നേരിട്ട് കോൺടാക്ട്ലെസ് പേമെന്റുകൾ നടത്താൻ കഴിയും. എന്നാൽ പല ഉപയോക്താക്കൾക്കും ആപ്സ്റ്റോറിൽ ഗൂഗിൾ വാലറ്റ് ലഭ്യമാകുന്നില്ലെന്നും പരാതിയുയർന്നിട്ടുണ്ട്. ചിലപ്പോൾ ഇത് പരിമിതമായ റോൾ ഔട്ട് അല്ലെങ്കിൽ ഏർലി ആക്സസ് ആയിരിക്കും എന്നും സൂചനയുണ്ട്. പല രാജ്യങ്ങളിലും 2022 മുതൽ ഗൂഗിൾ പേയ്‌ക്ക് ഗൂഗിൾ വാലറ്റാണ് ഉപയോഗിക്കുന്നത്.