സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തുടക്കം

Update: 2024-11-04 05:50 GMT

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് എറണാകുളത്ത് തുടക്കമാകും. വൈകീട്ട് നാലിന് മന്ത്രി വി ശിവന്‍കുട്ടി കായികമേള ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിക്കും. 3,500 വിദ്യാർത്ഥികൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക.11ാം തീയതി വരെയാണ് മത്സരങ്ങള്‍ നടക്കുക. 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികള്‍ മാറ്റുരയ്ക്കും. 1,562 സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും അണ്ടര്‍ 14, 17, 19 കാറ്റഗറികളിലായി ഗള്‍ഫിലെ എട്ട് സ്‌കൂളുകളില്‍ നിന്ന് 50 കുട്ടികളും പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കേരള സിലബസ് പഠിക്കുന്ന സ്‌കൂളുകള്‍ മേളയില്‍ പങ്കെടുക്കുന്നത്.

ഇന്ന് മത്സരങ്ങളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ല. നാളെ അത്ലറ്റിക്‌സ്, അത്ലറ്റിക്‌സ് (ഇന്‍ക്ലൂസീവ്), ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ത്രോബോള്‍ തുടങ്ങി 20 ഓളം മത്സരങ്ങള്‍ ഉണ്ടാകും. സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കുള്ള ദീപശിഖാ പ്രയാണവും ജേതാക്കള്‍ക്കുള്ള ട്രോഫിയും വഹിച്ചുകൊണ്ടുള്ള യാത്രകള്‍ ഇന്ന് കൊച്ചിയിലെത്തിച്ചേരും. ആലുവ മുതൽ ഫോർട്ട്‌കൊച്ചി വരെയുള്ള 32 സ്‌കൂളുകളിലെ നാലായിരം കുട്ടികളുടെ കലാപരിപാടികൾ ഉദ്ഘാടന ചടങ്ങിന് മിഴിവേകും. ഉദ്ഘാടനത്തിന് ശേഷം ബാൻഡ് മാർച്ച് ആരംഭിക്കും. 100 മുത്തുക്കുടകൾ അകമ്പടി സേവിക്കും. നാവിക എൻസിസി കേഡറ്റുകളുടെ 24 കൊച്ചി ഫോർമേഷനും നടക്കും. ആയിരം പേരുടെ മാസ്ഡ്രിൽ. തുടർന്ന് ആയിരംപേർ അണിനിരക്കുന്ന സൂംബ ഡാൻസ്. ആയിരംപേർ അണിനിരക്കുന്ന ഫ്രീഹാൻഡ് എക്‌സർസൈസും ക്യൂൻ ഒഫ് അറേബ്യൻ സീ സാംസ്‌കാരിക പരിപാടിയും കുട്ടികൾ അവതരിപ്പിക്കും. കൊച്ചിൻ കാർണിവൽ, അത്തച്ചമയം എന്നിങ്ങനെ രണ്ട് വിഭാഗമായിട്ടുള്ള കലാപരിപാടിയും അരങ്ങേറും. കരിമരുന്ന് പ്രയോഗവും ഉണ്ടാവും.

ചാംപ്യന്‍പട്ടം നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവര്‍ റോളിംഗ് സ്വര്‍ണ്ണക്കപ്പ് ഈ വര്‍ഷം മുതല്‍ നല്‍കും. ഒളിംപിക്‌സ് മാതൃകയില്‍ സ്ഥിരം ലോഗോ, ഭാഗ്യചിഹ്നം, പ്രൊമോ വീഡിയോ, ബ്രാന്‍ഡ് അംബാസിഡര്‍ തുടങ്ങിയവ ഈ വര്‍ഷത്തെ സ്‌കൂള്‍ കായികമേളയുടെ പ്രത്യേകതയാണ്. മത്സരം നടക്കുന്ന എല്ലാ വേദികളിലും ഡിജിറ്റല്‍ ബോര്‍ഡുകളും പ്രത്യേക വീഡിയോ സ്‌ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. 11-ന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Similar News