രാജസ്ഥാന്‍ റോയല്‍സ് മലയാളി താരം സഞ്ജു സാംസണെ നിലനിര്‍ത്തിയത് 18 കോടി രൂപ നല്‍കി. സഞ്ജു ഉള്‍പ്പെടെ ആറു താരങ്ങളെയാണ് റോയല്‍സ് നിലനിര്‍ത്തിയത്. സഞ്ജു തന്നെ അമരത്ത് തുടരും. യശസ്വി ജയ്‌സ്വാള്‍ (18 കോടി), റിയാന്‍ പരാഗ് (14 കോടി), ധ്രുവ് ജുറേല്‍ (14 കോടി), ഷിംറോണ്‍ ഹെറ്റ്മയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി) എന്നിവരാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയ മറ്റുതാരങ്ങള്‍. രാജസ്ഥാന്റെ പ്രധാന താരമായിരുന്ന ഇംഗ്ലീഷ് താരം ജോഷ് ബട്‌ലറെയും ബൗളര്‍ യുസ്‌വേന്ദ്ര ചാഹലിനെയും ഒഴിവാക്കി. വെടിക്കെട്ട് ബാറ്ററായ ബട്‌ലര്‍ പലമത്സരങ്ങളിലും രാജസ്ഥാനെ ഒറ്റക്ക് വിജയത്തിലെച്ചിരുന്നു.
2013 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് സഞ്ജു. ഐപിഎല്ലില്‍ 140 മത്സരങ്ങള്‍ കളിച്ച താരം. 3,742 റണ്‍സ് നേടിയിട്ടുണ്ട്. 31.45 ആണ് താരത്തിന്റെ റണ്‍ ശരാശരി. സ്‌ട്രൈക്ക് റേറ്റ് 141.31 ആണ്. മറ്റൊരു ഇന്ത്യന്‍ യുവതാരമായി യശ്വസിയെയും പതിനെട്ടുകോടി നല്‍കിയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ഇത്തവണയും യുവനിരയില്‍ കെട്ടിപ്പടുക്കുന്നതാവും രാജസ്ഥാന്‍ റോയല്‍സ് ടീം.ഏറ്റവും കൂടുതല്‍ മൂല്യത്തോടുകൂടി ടീമില്‍ സ്ഥാനം ഉറപ്പിച്ചത് ദക്ഷിണാഫ്രിക്കന്‍ താരം ഹെയ്ന്റിച് ക്ലാസനാണ്.23 കോടി രൂപയ്ക്ക് താരത്തെ സണ്‍റൈസേഴ്സ് ഹൈദരബാദ് നിലനിര്‍ത്തിയത്. രണ്ടാമത് വിരാട് കോഹ്ലിയും വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പൂരനുമാണ്. 21 കോടി വീതം നല്‍കി കോഹ്ലിയെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും പൂരനെ ലഖ്നൗ സൂപ്പര്‍ ജയന്റ്സും നിലനിര്‍ത്തി.
ഐപിഎലിന്റെ പുതുക്കിയ നിയമം പ്രകാരം എംഎസ് ധോനി അണ്‍കാപ്പ്ഡ് പ്ലേയര്‍ ആയി ആണ് ചെന്നൈ ടീമിലടം നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്സ് ഏറ്റവും കൂടുതല്‍ വില നല്‍കി നിലനിര്‍ത്തിയ താരങ്ങള്‍ രവീന്ദ്ര ജഡേജയും ഋതുരാജ് ഗെയ്ക് വാദുമാണ്. ഇരുവരും 18 കോടികള്‍ വീതം ഉറപ്പാക്കി. മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പാണ്ഡ്യയെ നായക പദവിയില്‍ നിലനിര്‍ത്തി. അതേസമയം രോഹിത്തിനെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മുംബൈ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ച് നിലനിര്‍ത്തിയ താരം ജസ്പ്രീത് ബുമ്രയാണ്.