ബെൻ സ്‌റ്റോക്‌സിന്റെ വീട്ടിൽ വൻ മോഷണം; ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ മെഡൽ അടക്കം കള്ളന്മാർ കൊണ്ടുപോയി

Update: 2024-10-31 07:05 GMT

തന്റെ വീട്ടിൽ മോഷണം നടന്നതായി വെളിപ്പെടുത്തി ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. താൻ ദേശീയ ടീമിനൊപ്പം പാകിസ്ഥാനിലായിരുന്നു.തന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു. മുഖംമൂടി ധരിച്ചെത്തിയവരാണ് മോഷണം നടത്തിയതെന്നും സ്റ്റോക്സ് വെളിപ്പെടുത്തി. ആഭരണങ്ങളും വിലപിടിപ്പുള്ള അമൂല്യമായ സ്വകാര്യ വസ്തുക്കളടക്കം മോഷണം പോയതായി ഇംഗ്ലീഷ് നായകൻ വ്യക്തമാക്കി. ഈ മാസം 17ന് വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ കാസ്റ്റിൽ ഈഡനിലുള്ള വീട്ടിലാണ് കള്ളൻമാർ കയറിയത്. മുൾട്ടാനിൽ നടന്ന പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് സംഭവമെന്നും താരം വെളിപ്പെടുത്തി. പരിക്കിനു ശേഷം സ്റ്റോക്സ് തിരിച്ചെത്തിയ ടെസ്റ്റ് കൂടിയായിരുന്നു ഇത്.

ബഹുമതിയായി തനിക്കു ലഭിച്ച ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ മെഡലടക്കം മോഷണം പോയതായി സ്റ്റോക്സ് എക്സിൽ കുറിച്ചു. ഭാര്യയും രണ്ട് കുട്ടികളും വീട്ടിലുള്ളപ്പോഴാണ് മോഷ്ടാക്കൾ അതിക്രമിച്ചു കയറിയത്. ശാരീരിക ഉപദ്രവം ആർക്കുമുണ്ടായിട്ടില്ല എന്നതാണ് ഭാഗ്യമായെന്നും താരം എക്സിലൂടെ വെളിപ്പെടുത്തി. തനിക്കും കുടുംബത്തിനും അത്രയേറെ വൈകാരിക ബന്ധമുള്ള നിരവധി വസ്തുക്കൾ മോഷ്ടാക്കൾ അടിച്ചു മാറ്റിയിട്ടുണ്ട്. ഇക്കാര്യം ഇത്രയും വിശദമായി വെളിപ്പെടുത്തുന്നതിന്റെ കാരണം ഇവയെല്ലാം തിരിച്ചു കിട്ടണം എന്നാഗ്രിഹിച്ചിട്ടല്ല. മോഷ്ടാക്കളെ പൊലീസ് പിടികൂടാൻ വേണ്ടിയാണെന്നും സ്റ്റോക്സ് വ്യക്തമാക്കി.

Similar News